കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 4-1 ഏകദിന പരമ്പര


വെല്ലിങ്ടണ്‍: ബൗളര്‍മാരുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. അവസാന ഏകദിനത്തില്‍ 35 റണ്‍സിന്് കീവീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇതോടെ 4-1ന് ഏകദിന പരമ്പരയും സ്വന്തമാക്കി.

ഇന്ത്യയുയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികളുടെ പോരാട്ടം 44.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ ചാഹലും രണ്ടുപേരെ വീതം പുറത്താക്കിയ ഷമിയും പാണ്ഡ്യയുമാണ് കിവികളെ എറിഞ്ഞിട്ടത്. റായുഡു കളിയിലെയും ഷമി പരമ്പരയിലെയും താരമായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായിരുന്നു. മുന്‍നിര കൂപ്പുകുത്തിയപ്പോള്‍ മധ്യനിരയാണ് ഇന്ത്യയെ രക്ഷിച്ചത്. റായുഡു സെഞ്ചുറിക്കരികെ(90) പുറത്തായപ്പോള്‍ ശങ്കറും(45) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ റായുഡു- ശങ്കര്‍ സഖ്യം 98 റണ്‍സെടുത്തു. കിവീസിനായി ഹെന്റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവികളുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് പേര്‍ കൂടാരം കയറി. കീവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (39), ടോം ലാഥം (37), ജെയിംസ് നീഷാം (44) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

SHARE