ഏഷ്യ പിടിച്ച് ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍: ഇന്ത്യ 3 പാകിസ്താന്‍ 2; ശ്രീജേഷ് പുറത്തിരുന്നു; നയിച്ചത് രൂപീന്ദര്‍; രൂപീന്ദര്‍ ടൂര്‍ണമെന്റിലെ താരവും ടോപ് സ്‌കോററും

ക്വന്റന്‍ (മലേഷ്യ): 2011 ആവര്‍ത്തിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ജേതാക്കള്‍. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി കളിയാടുന്ന വേളയില്‍ നടന്ന ഫൈനലില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത്. ഏഷ്യ പിടിച്ച് ഇന്ത്യ

നേരത്തെ, റൗണ്ട് റോബിന്‍ ലീഗിലും ഇന്ത്യക്കു മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കിയിരുന്നു. 2012ലെ ഫൈനല്‍ തോല്‍വിക്കുള്ള പകരംവീട്ടല്‍ കൂടിയായിരുന്നു ഇന്ത്യയുടെ വിജയം. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ അഭാവത്തില്‍ രൂപീന്ദര്‍ പാല്‍ സിങാണ് ഫൈനലില്‍ ഇന്ത്യയെ നയിച്ചത്. ഫൈനലില്‍ ഗോളടിച്ച രൂപീന്ദര്‍ ടൂര്‍ണമെന്റിലെ താരമായും ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

hocky
പതിനെട്ടാം മിനുട്ടില്‍ രൂപീന്ദറിന്റെ ഗോളില്‍ ഇന്ത്യയായിരുന്നു മുന്നില്‍. 23-ാം മിനുട്ടില്‍ യൂസുഫ് അഫ്ഫാനിലൂടെ ഇന്ത്യ ലീഡുയര്‍ത്തുകയും ചെയ്തു. എന്നാല്‍, മുഹമ്മദ് അലീം ബിലാലും (26-ാം മിനുട്ട്) അലി ശാനും (38) പാകിസ്താനെ തിരിച്ചുവരവിന് സഹായിച്ചു. എന്നാല്‍, നിക്കിന്‍ തിമ്മയ്യയുടെ 51-ാം മിനുട്ടിലെ ഗോള്‍ മത്സരം ഇന്ത്യക്കു നല്‍കി. നാലാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയാണ് ഇത്. കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന 2014ലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍സിനു ശേഷം ഇതാദ്യമായാണ് വന്‍കരാ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്.
ലോക റാങ്കിങില്‍ ആറാമതുള്ള ഇന്ത്യ ഏഷ്യന്‍ ടീമുകളില്‍ ഒന്നാം ്‌സഥാനക്കാരെന്ന തലയെടുപ്പുമായാണ് ഫൈനലില്‍ ഇറങ്ങിയത്. ഏഷ്യയിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയ പാകിസ്താന്‍ 13-ാം റാങ്കുകാരാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കുതിപ്പിന്റെ ഊര്‍ജ്ജമായ രൂപീന്ദര്‍ നല്ല തുടക്കമാണ് ഫൈനലില്‍ നല്‍കിയത്. ടൂര്‍ണമെന്റില്‍ പതിനൊന്നാം പെനാല്‍ട്ടി കോര്‍ണര്‍ ഗോളാണ് ഫൈനലില്‍ രൂപീന്ദര്‍ സ്വന്തമാക്കിയത്. ഡ്രാഗ് ഫ്‌ളിക്കിലൂടെയായിരുന്നു സ്‌കോറിങ്.