പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ; വിജയം 89 റണ്‍സിന്

പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു.

35 ഓവറില്‍ ആറിന് 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ലോകകപ്പില്‍ പാകിസ്താനെതിരേ കളിച്ച ഏഴു മത്സരങ്ങളില്‍ ഇന്ത്യ നേടുന്ന ഏഴാം ജയമാണിത്.

337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് സ്‌കോര്‍ 13ല്‍ എത്തിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ (7) നഷ്ടമായി. പേശീവലിവ് കാരണം പിന്‍മാറിയ ഭുവനേശ്വര്‍ കുമാറിന് പകരം ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കറാണ് ഇമാമിനെ പുറത്താക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ശങ്കര്‍ വിക്കറ്റ് വീഴ്ത്തി.

പിന്നീട് ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസമിനെ (48) പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 62 റണ്‍സെടുത്ത ഫഖര്‍ സമാനും മടങ്ങി. അതോടെ പാകിസ്താന്‍ തകര്‍ന്നു. മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0), ക്യാപ്റ്റന്‍ സര്‍ഫറാസ് (12) എന്നിവര്‍കാര്യമായ ചെറുത്തുനില്‍പ്പുകളില്ലാതെ മടങ്ങി.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.