കോവിഡ് അവസാനിച്ചാല്‍ 2032ലെ ഒളിമ്പിക്‌സ് വേദിക്കായി ഇന്ത്യ ശ്രമിക്കും; നരീന്ദര്‍ ബാത്ര


ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അവസാനിച്ച് സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ 2032ലെ ഒളിംപിക്‌സിന് വേദിയൊരുക്കാനുള്ള അവസരത്തിനായി ഇന്ത്യ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്ര. ഇതിനു പുറമെ 2026ലെ യൂത്ത് ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ കായികമത്സരങ്ങള്‍ക്കും വേദി നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷം മുന്‍പ് ആതിഥ്യം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് വന്‍കിട കായികമത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ ഇന്ത്യ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘2026ലെ യൂത്ത് ഒളിംപിക്‌സിനും 2032ലെ ഒളിംപിക്‌സിനും ആതിഥ്യമരുളാനുള്ള അവകാശത്തിനായി നമ്മള്‍ സഗൗരവം പരിശ്രമിക്കും’ – ബാത്ര പ്രഖ്യാപിച്ചു. 2026ലെ യൂത്ത് ഒളിംപിക്‌സിന് വേദിയൊരുക്കാനുള്ള താല്‍പര്യം വ്യക്തമാക്കി ഇന്ത്യ നേരത്തേതന്നെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം തായ്ലന്‍ഡ്, റഷ്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും യൂത്ത് ഒളിംപിക്‌സിന് വേദിയൊരുക്കാന്‍ സന്നദ്ധരായി രംഗത്തുണ്ട്.

2032ലെ ഒളിംപിക്‌സിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം സഫലമാകണമെങ്കിലും കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ്, ചൈനീസ് നഗരമായ ഷാങ്ഹായ് തുടങ്ങിയ 2032 ഒളംപിക്‌സിന് വേദിയൊരുക്കാന്‍ സജ്ജരായി രംഗത്തുണ്ട്. ഇവര്‍ക്കു പുറമെ ദക്ഷിണ-ഉത്തരകൊറിയകള്‍ സംയുക്തമായി ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

2032ലെ ഒളിംപിക്‌സിന് വേദിയൊരുക്കാനുള്ള അവസരം സ്വന്തമാക്കുന്നതിനായുള്ള പേപ്പര്‍ ജോലികള്‍ ആരംഭിച്ചിരുന്നതായി രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ തലവന്‍ കൂടിയായ നരീന്ദര്‍ ബാത്ര വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ ജോലികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇനി 2025ഓടെ വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.

SHARE