ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരേ സമയം സാധ്യമല്ലെന്ന നിലപാടില്‍ വെള്ളം ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. വര്‍ഷാവസാനത്തോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പത്താന്‍കോട്ടിലും പുല്‍വാമയിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ മുറിവുണങ്ങും മുമ്പെയാണ് കേന്ദ്രത്തിന്റെ മലക്കംമറിച്ചില്‍. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിനു വേണ്ടിയാണ് ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരേസമയം സാധ്യമല്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് അട്ടിമറിക്കുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇമ്രാന്‍ ഖാനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്ന സൂചന നല്‍കിയത്.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് വിദേശകാര്യ വക്താവ് ഇക്കാര്യം സൂചിപ്പിച്ചത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിദേശകാര്യ വക്താവ് വിശദീകരിക്കുന്നതിനിടെയാണ് എസ്.സി.ഒ അംഗരാഷ്ട്രമായ പാകിസ്താനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.
എട്ട് അംഗരാഷ്ട്രങ്ങളേയും നാല് സ്ഥിരം നിരീക്ഷക രാഷ്ട്രങ്ങളേയും ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നായിരുന്നു, പാകിസ്താന്റെ പേരു പരാമര്‍ശിക്കാതെ വിദേശകാര്യ വക്താവ് നല്‍കിയ മറുപടി. ഇതോടെ ഇമ്രാന്‍ ഖാനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ഉറപ്പായി. 1996ലാണ് ചൈന മുന്‍കൈയെടുത്ത് ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)ക്ക് രൂപം നല്‍കിയത്. അഞ്ച് രാഷ്ട്രങ്ങളാണ് തുടക്കത്തില്‍ അംഗങ്ങളായിരുന്നത്. ചൈനക്കു പുറമെ ഖസാക്കിസ്താനും കിര്‍ഗിസ്താനും റഷ്യയും താജിക്കിസ്താനും. ഷാങ്ഹായ് ഫൈവ് എന്ന പേരിലാണ് ഈ ഘട്ടത്തില്‍ സംഘടന അറിയപ്പെട്ടിരുന്നത്. 2001ല്‍ ഉസ്‌ബൈക്കിസ്താനെ ഉള്‍കൊള്ളിക്കുകയും ഷാങ്ഹായ് സഹകരണ സംഘടന എന്ന് പേര് മാറ്റുകയും ചെയ്തു. 2017ല്‍ ഇന്ത്യയേയും പാകിസ്താനേയും എസ്.സി.ഒയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് അംഗരാഷ്ട്രങ്ങളുടെ പട്ടിക എട്ടിലെത്തിയത്.
ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യക്കെതിരെ നിലയുറപ്പിക്കുമ്പോഴാണ് ഇമ്രാന്‍ ഖാനെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക അതിഥിയായി ക്ഷണിച്ച് രാജ്യത്തെത്തിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ഉ യര്‍ന്നുകഴിഞ്ഞു.