‘എന്നെ വിശ്വസിക്കൂ, ഇന്ത്യ വളര്‍ച്ചയിലേക്ക് തിരിച്ചുവരും, അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല’: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡില്‍ നിശ്ചലമായ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എന്നെ വിശ്വസിക്കൂ, ഇതത്ര ബുദ്ധിമുട്ടല്ല കാര്യമല്ല’ എന്നും മോദി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ 125-ാം വാര്‍ഷിക സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഞാന്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകും. ഇന്ത്യയുടെ കഴിവിലും നൂതനത്വത്തിലും എനിക്ക് വിശ്വാസമുണ്ട്. കഠിനാധ്വാനത്തിലും സമര്‍പ്പണത്തിലും വിശ്വാസമുണ്ട്. സംരഭകരും തൊഴില്‍ശക്തിയുമാണ് ഉണ്ടാകേണ്ടത്’ – അദ്ദേഹം പറഞ്ഞു.

‘ഒരു ഭാഗത്ത് നാം സുരക്ഷിതരായിരിക്കണം. വൈറസിന്റെ വ്യാപനം തടയണം. മറുഭാഗത്ത് സമ്പദ് വ്യവസ്ഥ മുമ്പോട്ടു പോകേണ്ടതുണ്ട്. കൊറോണയുടെ വേഗം കുറഞ്ഞേക്കാം. എന്നാല്‍ ഇന്ത്യയ്ക്ക് ലോക്ക്ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് പോകേണ്ടതുണ്ട്. വളര്‍ച്ചയിലേക്ക് തിരിച്ചു പോകുന്ന വഴി ആരംഭിച്ചു കഴിഞ്ഞു’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) എന്ന സര്‍ക്കാര്‍ നയം മോദി ഊന്നിപ്പറഞ്ഞു. അഞ്ച് ‘ഐ’കളാണ് (ഇന്റന്റ് -ഇച്ഛ-), ഇന്‍ക്ലൂഷന്‍-ഉള്‍ക്കൊള്ളല്‍- , ഇന്‍വസ്റ്റ്‌മെന്റ്-നിക്ഷേപം-, ഇന്‍ഫ്രാസ്ട്രക്ചര്‍-അടിസ്ഥാനസൗകര്യം-, ഇന്നൊവേഷന്‍-നൂതനത്വം-) അദ്ദേഹം ഊന്നിപ്പറഞ്ഞത്. മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ദ വേള്‍ഡ് എന്ന പുതിയ മന്ത്രവും മോദി അവതരിപ്പിച്ചു.

ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സന്നദ്ധമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കും. മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ലോകത്തില്‍ ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്. ജൂണ്‍ എട്ടിന് ശേഷം കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ആത്മവിശ്വാസമുണ്ട് എന്ന പ്രധാനമന്ത്രിയുടെ പതിവു വാചകക്കസര്‍ത്ത് ഉണ്ട് എങ്കിലും ഗുരുതരമായ സാമ്പത്തിക പ്രതിസിന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത് എന്ന് സാമ്പത്തിക വിദഗധര്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടുനിരോധനത്തിനും അശാസ്ത്രീയ ജി.എസ്.ടിക്കും ശേഷം പ്രതിസന്ധിയിലായ സാമ്പത്തിക വ്യവസ്ഥയ്ക്കു മേലാണ് കോവിഡ് ലോക്ക്ഡൗണ്‍ ആഘാതമുണ്ടാക്കിയത്.

SHARE