പറന്നുയര്‍ന്ന് ക്യാച്ചെടുത്ത് ഭൂവിയും മര്‍ക്രാമും; കയ്യടിച്ച് ക്രിക്കറ്റ് ലോകം

വാന്‍ഡേഴ്‌സ്: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഭുവനേശ്വര്‍ കുമാറിനേയും എയ്ഡന്‍ മര്‍ക്രാമിനേയും ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ഹാഷിം അംലയെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിനടുത്തു നിന്ന് ഭൂവിയെടുത്ത ക്യാച്ചും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ മര്‍ക്രാമെടുത്ത ക്യാച്ചുമാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലിടം നേടിയത്.

മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു ഭൂവിയുടെ ക്യാച്ച്. കുല്‍ദീപ് യാദവിന്റെ പന്ത് സിക്‌സ് ലക്ഷ്യമാക്കി െ്രെഡവിലേക്ക് ലോഫ്റ്റ് ചെയ്യുകയായിരുന്നു അംല. പക്ഷെ അംലയുടെ കണക്കു കൂട്ടല്‍ പിഴച്ചു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നില്‍ക്കുകയായിരുന്ന ഭുവി പന്ത് ചാടി പിടിച്ചു.പക്ഷെ നിലത്ത് വീഴുമോ എന്ന ആശങ്കയുണ്ടായിരുന്ന ഭുവി ഒറ്റക്കാലില്‍ അല്‍പ്പനേരം കുത്തി നിന്ന ശേഷം ബാലന്‍സ് വീണ്ടെടുക്കുകയായിരുന്നു. റിസ്‌ക് എടുക്കാന്‍ മുതിരാത്ത ഭുവി പന്ത് മുകളിലേക്ക് എറിഞ്ഞ ശേഷം ഒന്നൂടെ പിടിക്കുകയായിരുന്നു.

48ാം ഓവറില്‍ കാഗിസോ റബാദയെറിഞ്ഞ പന്തിലായിരുന്നു റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മര്‍ക്രാമിന്റെ ക്യാച്ച്.  എക്‌സ്ട്രാ കവറിന് മുകളിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു പാണ്ഡ്യയുടെ ശ്രമം. എന്നാല്‍ നിന്ന നില്‍പ്പില്‍ തന്നെ ചാടി ഉയര്‍ന്ന മര്‍ക്രാം ഒറ്റക്കെ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഈ ക്യാച്ചിനെ കുറിച്ച് നിരവധി ട്വീറ്റുകളും വരുകയുണ്ടായി. ജോണ്ടി റോഡ്‌സിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഫ്‌ളെയിങ് ഫീല്‍ഡറെ കൂടി ലഭിച്ചിരിക്കുന്നു എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഒരു പക്ഷിയെപ്പോലെയായിരുന്നു മര്‍ക്രാമിന്റെ ഫീല്‍ഡിങ്ങ് എന്നും. ഈ ക്യാച്ചുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മര്‍ക്രാമിനെ സൂപ്പര്‍മാന്‍ എന്നു വിളിച്ചുള്ളതായിരുന്നു അധിക ട്വീറ്റുകളും.

അതേ സമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു ജയം. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ 109 റെക്കോഡ് പ്രകടനം പാഴായ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയി നിയമപ്രകാരമനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം. മഴമൂലം വിജയം ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 28 ഓവറില്‍ 202 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 15 പന്ത് ബാക്കി നില്‍ക്കെ പോര്‍ട്ടീസുകാര്‍ ലക്ഷ്യം നേടി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 7 ന് 289 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിക് ക്ലാസന്‍ 27 പന്തില്‍ നിന്ന് പുറത്താകാതെ 43 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 39 ഉം, ഫെഹ്ലുക്വായോ 5 പന്തില്‍ പുറത്താകാതെ 23 എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. ക്ലാസനാണ് കളിയിലെ കേമന്‍.

SHARE