പേക്കിനാവായി സ്വപ്‌ന ഫൈനല്‍: പാക്കിസ്താന് ചാമ്പ്യന്‍സ് ട്രോഫി

പാക് ബൗളിങിന് മുന്നില്‍ തരിപ്പണമായി ഇന്ത്യന്‍ ബാറ്റിങ്

ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18…. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു ജൂണ്‍ 18. 17 റണ്‍സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്‍ ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്‍ പാക് ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് പേര്‍ തകര്‍ന്നിട്ടും ഇന്ത്യന്‍ ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ ഒരു കപിലിനെ കണ്ടു….അദ്ദേഹം അടിച്ചു തകര്‍ത്തു. പക്ഷേ മറുഭാഗത്ത് കൂട്ടുകാരനായ രവീന്ദു ജഡേജ കേവല മര്യാദ കാട്ടാതിരുന്നപ്പോല്‍ പാണ്ഡ്യ റണ്ണൗട്ടായി-അതോടെ കപ്പും പോയി.

18hardik18ashwin

18sarfraz

ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമായി മുത്തമിട്ടത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പാകിസ്താന്‍ മുന്നോട്ടു വെച്ച 339 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്തായി. 2009ലെ ടി 20 കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്തരാഷ്ട്ര കിരീടമാണിത്. എട്ടാം സ്ഥാനക്കാരായി ടൂര്‍ണമെന്റിനെത്തി ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താന്റെ മടക്കം. ക്രിക്കറ്റ് പണ്ഡിതന്‍മാരുടെ പ്രവചനങ്ങളെ പൂര്‍ണമായും അസ്ഥാനത്താക്കുന്നതായിരുന്നു കലാശക്കളിയില്‍ പാക് താരങ്ങളുടെ പ്രകടനം. ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ബൗളര്‍മാര്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 43 പന്തില്‍ ആറ് സിക്‌സറുകളും നാല് ബൗണ്ടറിയുമായി അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യ (76) ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. പാണ്ഡ്യ ജഡേജയുടെ മണ്ടത്തരം കാരണം റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഓപണര്‍ രോഹിത് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ആമിറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഞെട്ടലില്‍ നിന്നും മുക്തമാവും മുമ്പ് ആമിര്‍ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കോലിയേയും (05) മടക്കി. ശിഖര്‍ ധവാന്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സെടുത്തെങ്കിലും ധവാനേയും ആമിര്‍ തന്നെ പവലിയനിലെത്തിച്ചു. യുവരാജ് സിങ് (22) ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ശതാബ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. തകര്‍ച്ചകളില്‍ കരുത്താവാറുള്ള മുന്‍ ക്യാപ്റ്റന്‍ ധോണിക്കും (04) ഇത്തവണ പിഴച്ചു. കൂറ്റനടിക്കു ശ്രമിച്ച ധോണിയെ ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വസീം പിടിച്ച് പുറത്താക്കി. കേദാര്‍ ജാദവ് (09) വന്നതും പോയതും ഒരുമിച്ചായിരുന്നു. ശതാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് ജാദവും മടങ്ങി. ജഡേജ (15), അശ്വിന്‍ (01), ഭുംറ (01) എന്നിങ്ങനെയായിരുന്നു മറ്റ് സ്‌കോറുകള്‍. പാകിസ്താനു വേണ്ടി ആമിര്‍, ഹസന്‍ അലി എന്നിവര്‍ മൂന്നു വിക്കറ്റുകളും ശതാബ് ഖാന്‍ രണ്ടു വിക്കറ്റും ജുനൈദ് ഖാന്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്താന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്‍ ഫഖര്‍ സമാനാണ് (114) പാക്കിസ്താന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ സമാന്‍ പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്താനും അനുഗ്രഹമായി. ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക് ഇന്നിങ്‌സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി (59) അര്‍ധസെഞ്ചുറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും (57*)പാക്ക് ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 25 റണ്‍സാണ് എക്‌സ്ട്രായിനത്തില്‍ പാക്കിസ്താന് സംഭാവന ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മല്‍സരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പാകിസ്താന്റെ തുടക്കം പതറി. എന്നാല്‍, പതുക്കെ നിലയുറപ്പിച്ച പാക് ഓപ്പണര്‍മാര്‍ പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക് നിരയിലെ അപകടകാരിയായ ഫഖര്‍ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും പാക് ഇന്നിങ്‌സിന് അടിത്തറയിട്ടു. 23 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 5.56 റണ്‍സ് ശരാശരിയില്‍ 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അസ്ഹര്‍ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. മൂന്നാമനായെത്തിയ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫഖര്‍ സമാന്‍ പാക് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ സമാന്‍അസം സഖ്യം കൂട്ടിച്ചേര്‍ത്തത് 72 റണ്‍സ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 106 പന്തില്‍ 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 114 റണ്‍സെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. 46 റണ്‍സുമായി ബാബര്‍ അസമും മടങ്ങി. ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകര്‍ത്തടിച്ചതോടെ പാക്ക് സ്‌കോര്‍ അനായാസം 300 കടന്നു.
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 7.3 ഓവര്‍ ക്രീസില്‍ നിന്ന ഹഫീസ്‌വാസിം സഖ്യം 9.46 ശരാശരിയില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.