ഹോക്കി തുണ; എഫ്.ഐ.എച്ച് സെമിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, തല്‍വീന്ദര്‍ സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടിയപ്പോള്‍ മന്‍ദീപ് സിങിന്റെ വകയായിരുന്നു ഒരു ഗോള്‍. ഉമര്‍ ബട്ടയായിരുന്നു പാകിസ്താന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.image

മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം കൈവശം വെച്ച ഇന്ത്യക്കെതിരെ മികച്ച നീക്കങ്ങളൊന്നും നടത്താന്‍ പാകിസ്താനിയില്ല. ഒരു ഘട്ടത്തില്‍ പോലും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണം പോലും പാക് താരങ്ങളില്‍ നിന്നുണ്ടാവാതെയായതോടെ മത്സരം പൂര്‍ണമായും ഇന്ത്യന്‍ വരുതിയിലായി. ആദ്യ പകുതിയില്‍ മൂന്നു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി പാക് പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ജയത്തോടെ പൂള്‍ ബിയില്‍ നെതര്‍ലന്‍ഡ്‌സിനെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറി. നേരത്തെ സ്‌കോട്‌ലന്‍ഡിനെ 4-1നും കനഡയെ 3-0നും ഇന്ത്യ കീഴടക്കിയിരുന്നു. പാകിസ്താന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്.