ന്യൂസിലാന്‍ഡിനെ 190ല്‍ ഒതുക്കി ഇന്ത്യ; മിശ്രക്കും പാണ്ഡെക്കും മൂന്ന് വിക്കറ്റ്

ധര്‍മ്മശാല: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 191 റണ്‍സ് വിജയലക്ഷ്യം. 43.5 ഓവറില്‍ ന്യൂസിലാന്‍ഡ് എല്ലാവരും പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ കിവികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസര്‍മാര്‍ ഫോമിലേക്കുയര്‍ന്നപ്പോള്‍ കിവികളുടെ ടോപ് ഓര്‍ഡര്‍ താളം തെറ്റി. 106ന് എട്ട് എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലാന്‍ഡിനെ സൗത്തിയും(55) ലാതമും(79*) ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സൗത്തിയെ അമിത് മിശ്രയാണ് വീഴ്ത്തിയത്. അല്ലെങ്കില്‍ കിവികള്‍ 200 കടന്നേനെ. പിടിച്ചുനിന്ന ലാതം 98 പന്തില്‍ നിന്ന് ഏഴ് ഫോറും

ഒരു സിക്‌സറും പറത്തി. സൗത്തിയുടെ അതിവേഗ ഇന്നിങ്‌സാണ് (45 പന്തില്‍ നിന്ന് ആറും ഫോറും മൂന്ന് സിക്‌സറും) കീവീസിന് ബലമേകിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദ്ദിക്ക് പണ്ഡെ, അമിത് മിശ്ര രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, സ്പിന്നര്‍ കേദാര്‍ ജാദവ് എന്നിവരാണ് കിവികളെ വീഴ്ത്തിയത്. ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ(12) മടക്കി പാണ്ഡെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നീട് വന്നവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. റോസ് ടെയ്‌ലര്‍(0)കോറി ആന്‍ഡേഴ്‌സണ്‍(4) ലൂക്ക് റോഞ്ചി(0) ജയിം നീഷാം(10) മിച്ചല്‍ സാന്റ്‌നര്‍(0) എന്നിവര്‍ പെട്ടെന്ന് മടങ്ങി. കേദാര്‍ ജാദവ് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഹാട്രിക് പ്രതീതി ഉയര്‍ത്തി.

SHARE