കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി

മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ (121) സെഞ്ച്വറി മികവില്‍ എട്ട് വിക്കറ്റിന് 280 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ പുറത്താവാതെ സെഞ്ച്വറി നേടിയ ലതാമിന്റെയും 95 ല്‍ പുറത്തായ റോസ് ടെയ്‌ലറിന്റെയും മികവില്‍ കിവീസ് മല്‍സരം സ്വന്തമാക്കി. ഇന്ത്യന്‍ നിരയില്‍ കോലി മാത്രമാണ് മിന്നിയത്. 200-ാം മത്സരം കളിക്കുന്ന ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ ബൗളിംഗിലും പ്രകടനം ശരാശരി മാത്രമായിരുന്നു.


വാംഖഡെയിലെ റണ്ണൊഴുക്ക് പ്രതീക്ഷിക്കപ്പെട്ട പിച്ചില്‍ ടോസ് നേടിയ കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, കിവികള്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് അത്ര എളുപ്പമായിരുന്നില്ല.

ആറ് ഓവറിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാനെയും (9) രോഹിത് ശര്‍മയെയും (20) നഷ്ടമായ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കോഹ്‌ലിയുടെ അവസരോചിത ഇന്നിങ്‌സ് ആണ്. കേദാര്‍ ജാദവ് (12) കൂടി മടങ്ങിയപ്പോള്‍ മൂന്നിന് 71 എന്ന നിലയിലായ ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്കിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി കരകയറ്റിയത്. പിന്നീട് എം.എസ് ധോണിക്കൊപ്പം (25) 57 റണ്‍സിന്റെ പാര്‍ട്ണര്‍ ഷിപ്പിലും കോഹ്ലി പങ്കാളിയായി. ഹാര്‍ദിക് പാണ്ഡ്യക്ക് (16) തിളങ്ങാനായില്ല.