മിതാലിയുടെ കരുത്തില്‍ കിവീസിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ മിതാലിരാജിന്റെ കരുത്തില്‍ ന്യൂസിലാന്റഡിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ കടന്നു. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ മിതാലി രാജ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് (109) ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്‌ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. സ്‌കോര്‍: ഇന്ത്യ265/7 (50), ന്യൂസിലന്‍ഡ് 79 (25.3).

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 123 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മിതാലി 109 റണ്‍സ് നേടിയത്. 45 പന്തില്‍ 70 റണ്‍സ് നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെ പ്രകടനമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തിയത്. ഹര്‍മന്‍പ്രീത് കൗര്‍ 60 റണ്‍സെടുത്തു. കിവീസ് നിരയില്‍ കസ്പാര്‍ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ചിറകരിഞ്ഞത് 7.3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്‌ഗേവാദാണ്. ദീപ്തി ശര്‍മ രണ്ടുവിക്കറ്റും ഇന്ത്യയ്ക്കായി നേടി. 26 റണ്‍സെടുത്ത സറ്റെര്‍വൈറ്റ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. 1.1 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡ് 25.3 ഓവര്‍ ആയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.