അരങ്ങേറ്റക്കാരന്റെ പടക്കുതിപ്പില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; ഒന്നാം ഇന്നിങ്‌സ് 300ന് ഓള്‍ ഔട്ട്

ധരംശാല: ഇന്ത്യയ്‌ക്കെതിരായ നിര്‍ണായക ക്രിക്കറ്റ് ടെസ്റ്റില്‍ അടിതെറ്റി ഓസീസിന് ബാറ്റിങ് തകര്‍ച്ച. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി നേടിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവിന്റെ മാന്ത്രിക ബോളിങില്‍ ഓസീസ് കറങ്ങി വീഴുകയായിരുന്നു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 300 റണ്‍സ്് ഒന്നാം ഇന്നിങ്‌സ് അവസാനിച്ച നിലയിലാണ് കംഗാരുപ്പട.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ സ്പിന്‍ ബോളിങിലെ വജ്രായുധമായി മാറിയ കുല്‍ദീപ് നാലു വിക്കറ്റ് വീഴ്ത്തി.
പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയോടെ 20ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് 111 റണ്‍സെടുത്ത് പുറത്തായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് അത്ഭുകരമായാണ് 300 റണ്‍സില്‍ അവസാനിച്ചത്. രണ്ടാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത്‌ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് സഖ്യം 134 റണ്‍സ് ചേര്‍ന്നു മുന്നേറിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. 88 ഓവര്‍ പൂര്‍ത്തിയാക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും ഇന്ത്യ കയ്യിലാക്കി. ഉമേഷ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി.