ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ട്രെയിനര്‍ മരിച്ച നിലയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രെയിനര്‍ രാജേഷ് സാവന്ത് സച്ചിനോടൊപ്പം

മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നാളെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ഇന്ത്യ കളിക്കാനിറങ്ങാനിരിക്കെയാണ് സംഭവം. രാവിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ട്രെയിനറായ രാജേഷ് ഗ്രൗണ്ടില്‍ എത്തിയിരുന്നില്ല. ശനിയാഴ്ച്ച രാത്രിയാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. ഗ്രൗണ്ടില്‍ എത്താത്തിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ടീം അംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം. ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ഭാഗമായിരുന്ന രാജേഷ് ശനിയാഴ്ചയാണ് അണ്ടര്‍ 19 ടീമിനൊപ്പം ചേര്‍ന്നത്. മുംബൈ ഐ.ഡി.ബി.ഐ ബാങ്കിന് വേണ്ടി കളിച്ചിട്ടുള്ള രാജേഷ് മികച്ച ഫാസ്റ്റ് ബൗളറായിരുന്നു. അഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യ കണ്ട മികച്ച പരിശീകരില്‍ ഒരാളായ അദ്ദേഹം ബംഗളൂരു നാഷണല്‍ അക്കാദമിക്കും അഫ്ഗാനിസ്ഥാന്‍ ടീമിനു വേണ്ടിയും ട്രെയിനറായി സേവനമനുഷ്ഠിച്ചിരുന്നു.

SHARE