സ്വപ്‌നാ സുരേഷിനെ മുംതാസ് ഇസ്മയിലാക്കാന്‍ സോഷ്യല്‍ മീഡിയ വഴി നീക്കം; ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയും യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയുമായിരുന്ന സ്വപ്നാ സുരേഷ് മുസ്ലിം യുവതിയാണെന്നും ഐഡന്റിറ്റി മറച്ചുവയ്ക്കാനാണ് അവര്‍ സ്വപ്ന എന്ന പേര് ഉപയോഗിച്ചതെന്നും വ്യാജ പ്രചരണം. ‘ഇന്ദുമക്കള്‍ കക്ഷി’യുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നത്. മുംതാസ് ഇസ്മയില്‍ എന്നാണ് സ്വപ്നയുടെ യഥാര്‍ത്ഥ പേരെന്നും അവര്‍ കേരളത്തിലെ അറിയപ്പെടുന്ന മോഡലാണെന്നും ട്വീറ്റില്‍ ആരോപിക്കുന്നു.

വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഇന്ത്യാടുഡേ ചാനല്‍ നടത്തുന്ന പരിപാടിയാണ് സ്വപ്ന മുസ്‌ലിം ആണെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും റിപ്പോര്‍ട്ട് ചെയ്തത്. സ്വപ്നയെ അറസ്റ്റ് ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിയോ, കസ്റ്റംസോ അവര്‍ മുസ്‌ലിം വനിതയാണെന്നോ പേര് മുംതാസ് എന്നാണെന്നോ വ്യക്തമാക്കിയിട്ടില്ല. എന്‍ ഐ എ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വപ്നാ സുരേഷ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍ ഐ എയുടെ വെബ്സൈറ്റിലോ, ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലോ മുംതാസ് ഇസ്മായില്‍ എന്ന പേരില്ല. കേസിന്റെ മറവില്‍ വര്‍ഗീയത പടര്‍ത്താനുള്ള ചിലരുടെ നീക്കമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE