ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇനിയും മാസങ്ങള്‍ തുടരും; നവംബര്‍ പകുതിയോടെ പരമാവധിയിലെത്തുമെന്നും പഠനം

ന്യൂഡല്‍ഹി: ലോകത്ത് നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ്‌വ്യാപനം അതിന്റെ പരമാവധിയിലെത്താന്‍ ഇനിയും മാസങ്ങളെടുക്കുമെന്ന് പഠനം. കോവിഡ് വ്യാപനം വരുന്ന അഞ്ച് മാസം കൂടി ഇതേപടി തുടരുമ്പോള്‍ നവംബര്‍ പകുതിയോടെയാവും അതിന്റെ പരമാവധിയിലെത്തുകയെന്ന് ഐസിഎംആര്‍ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ പകുതിയോടെ പരാമാവധിയിലെത്തുന്ന കോവിഡില്‍ ഐസലേഷന്‍ വാര്‍ഡുകള്‍, തീവ്രപരിചരണ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യമുണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഐസിഎംആര്‍ നിയോഗിച്ച ഓപ്പറേഷന്‍സ് റിസര്‍ച് ഗ്രൂപ്പിന്റേതാണു പഠനം.

കോവിഡ് പരമാവധിയിലെത്തുന്നത് രാജ്യത്തെ ലോക്ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ വൈകിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ ഏറ്റവും തീവ്രമായ ഘട്ടത്തെ വൈകിപ്പിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനം തയ്യാറാക്കാന്‍ സമയം നല്‍കുകയും ചെയ്‌തെന്നും പഠനം വ്യക്തമാക്കുന്നു. ഇത് അണുബാധകളുടെ എണ്ണം 69-97% വരെ കുറയ്ക്കാന്‍ സഹായിച്ചു. ആരോഗ്യസംരക്ഷണ സംവിധാനത്തിന് വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ലോക്ഡൗണ്‍ സമയം അനുവദിച്ചു.

അതേസമയം, പഠനത്തില്‍ പിശകുകളുണ്ടെന്നും ഐസിഎംആര്‍ ഇത് സാധൂകരിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. ”ആറ് ആഴ്ചത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മെയ് 6 ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 5,29,872 ആണ്. 40% ഫലപ്രാപ്തി ഉള്ള ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പഠനം 47% കേസുകളുള്ളതായി, പഠനം പറയുന്നു. എന്നാല്‍, ആരോഗ്യ മന്ത്രാലയം ഇതുവരെ 3.32 ലക്ഷം കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ലോക്ക്ഡൗണ്‍ 69-97% രോഗവ്യാപനം കുറച്ചതായും ലോക്ഡൗണിനുശേഷം പൊതുജനാരോഗ്യ നടപടികള്‍ 60% വരെ ഫലപ്രദമായതായും പഠനം പറയുന്നു. മഹാമാരിയുടെ സാമ്പത്തിക ആഘാതം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 6.2 ശതമാനത്തോളം വരുമെന്നും പഠനത്തില്‍ പറയുന്നു.