രണ്ട് പാക് പൗരന്മാര്‍ക്ക് കൂടി മെഡിക്കല്‍ വിസ അനുവദിച്ച് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ് എന്നയുവതിയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സുഷമാ സ്വരാജിന്റെ നടപടി.ഇരുവരും ട്വിറ്ററിലൂടെയാണ് സുഷമയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.


ഉടന്‍ വിസ അനുവദിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും ഇരുവരുടെയും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും സുഷമ ട്വിറ്ററിലൂടെ മറുപടിനല്‍കി.
മനുഷ്യത്വപരമായ നടപടികളിലൂടെ രാജ്യമൊന്നടങ്കം സ്വീകരിച്ച നേതാവാണ് സുഷമാ സ്വരാജ്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ ഈയിടെയായി നിരവധി പാക് പൗരന്മാര്‍ക്ക് സുഷമയുടെ ഇടപെടല്‍മൂലം മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു.