അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം; റഷ്യന്‍ കരാറിന് പിന്നാലെ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി തുടരാന്‍ തീരുമാനം

ന്യൂഡല്‍ഹി: രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്ന അമേരിക്കക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം. റഷ്യയുമായി മിസൈല്‍ പ്രതിരോധ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. നവംബറില്‍ ഇറാനില്‍ നിന്നും ഇന്ത്യ ഒമ്പതു ദശലക്ഷം ബാരല്‍ എണ്ണ വാങ്ങും.

ഐ.ഒ.സിയും മംഗ്ലൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സും ഇറാനുമായി ഉടമ്പടിയിലെത്തിയതായാണ് വിവരം. ഐ.ഒ.സി ആറു ദശലക്ഷം ബാരലും മാംഗ്ലൂര്‍ റിഫൈനറി മൂന്നു ദശലക്ഷം ബാരലുകളും വാങ്ങുമെന്നാണ് വിവരം. നവംബറോടെ ഇറാന്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്.

അമേരിക്കന്‍ ഭീഷണിക്കു വഴങ്ങാതെ എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചിരുന്നു. 39000 കോടി രൂപക്ക് റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് വിമാനവേധ മിസൈല്‍ വാങ്ങാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. റഷ്യയില്‍ നിന്നും ആയുധം വാങ്ങിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് ഭീഷണി നിലനില്‍ക്കെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്.