എണ്ണവില കുതിക്കുമ്പോഴും ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ കുറക്കുന്നു

ന്യൂഡല്‍ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്‍ നവംബറില്‍ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് ഈ നീക്കം. ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ്, തൊട്ടുമുന്നത്തെ രണ്ടു മാസത്തേതിനേക്കാള്‍ നേര്‍പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇത് ഇനിയും കുറയാനും ഇറക്കുമതി നാമമാത്ര ആകാനുമാണ് സാധ്യത.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി പ്രതിദിനം 658,000 ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്നു മാത്രം വാങ്ങിയത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇത് പ്രതിദിനം 360,000 മുതല്‍ 370,000 ബാരല്‍ വരെയായി കുറഞ്ഞിട്ടുണ്ട്.

2015-ല്‍ ആണവപദ്ധതികളില്‍ നിന്നു പിന്മാറാന്‍ ഇറാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ലോകരാഷ്ട്രങ്ങളും തെഹ്‌റാനുമായി ഉടമ്പടിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇറാന് കഴിഞ്ഞത്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ ഇറാനുമായുള്ള കരാറില്‍ നിന്ന് പിന്മാറാനും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരത്തില്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. നവംബര്‍ മുതല്‍ക്കാണ് ഇത് നടപ്പില്‍ വരിക.

നിലവില്‍, ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യക്ക് കുറഞ്ഞ നിരക്കിലാണ് ഇറാന്‍ എണ്ണ നല്‍കുന്നത്. ഈ ഇറക്കുമതി പൂര്‍ണമായി റദ്ദാക്കുന്നത് രാജ്യത്ത് ഇന്ധന ദൗര്‍ലഭ്യതക്ക് കാരണമാകും. ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, അമേരിക്ക കടുംപിടുത്തം തുടരുകയും ഇന്ത്യ വഴങ്ങുകയും ചെയ്യുന്ന സ്ഥിതിയാണെങ്കില്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായി നിര്‍ത്തലാക്കേണ്ടി വരും. ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറക്കാന്‍ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല.