ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരമാകുന്നു, കോഴ്‌സുകള്‍ തുടങ്ങാന്‍ യുണിവേഴ്‌സിറ്റികളെ അനുവദിക്കും

ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യു.ജി.സി) ഒരുങ്ങുന്നു. എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഇത്തരം കോഴ്‌സുകള്‍ക്കും അംഗീകാരം നല്‍കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്‍ക്ക് ഇത്തരം കോഴ്‌സുകള്‍ നടത്താന്‍ അനുമതി നല്‍കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കുക. ഇതിനുള്ള ചട്ടങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. നിലവില്‍, ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് യു.ജിസിയോ, സര്‍ക്കാരുകളോ അംഗീകാരം നല്‍കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ നാക്കിന്റെ എ പ്ലസ് അംഗീകാരമുള്ള യുണിവേഴ്‌സിറ്റികള്‍ക്കാണ് ഓണ്‍ ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുക. മറ്റു യൂണിവേഴ്‌സിറ്റികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ അംഗീകാരം നേടിയാല്‍ അനുമതി ലഭ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേവല്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.