ആശങ്കകള്‍ക്കിടെ അസമില്‍ നാളെ ഇന്ത്യ – ശ്രീലങ്ക മത്സരം; അട്ടിമറി സാധ്യത, കനത്ത സുരക്ഷ

ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരക്ക് നാളെ തുടക്കം. പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പുതുവര്‍ഷത്തില്‍ പരമ്പര വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും ആഗ്രഹിക്കുക. എന്നാല്‍ തുടക്കത്തിലെ പ്രതിരോധത്തിലായിരിക്കുകയാണ് ബിസിസിഐ. നാളെ നടക്കാനിരിക്കുന്ന മത്സരത്തെ കുറിച്ചാണ് ആശങ്ക. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്‌റ്റേഡിയത്തിലാണ് മത്സരം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപ ഭീഷണി നിലനില്‍ക്കുന്നത് ബിസിസിഐ കുഴപ്പിക്കുകയാണ്. കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമെ അനുവദിക്കൂ. പോസ്റ്ററോ ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു. നാളെ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മാറ്റമുണ്ടാകില്ലെന്നും നിശ്ചയിച്ചത് പോലെ നടക്കുമെന്നും നേരത്തെ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.

മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും കളിക്കുക. ഇതില്‍ ആദ്യ മത്സരാണ് ഗുവാഹത്തിയില്‍ നടക്കുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ഏകദിന മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയും ഇന്ത്യയിലെത്തുന്നുണ്ട്.