ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താന്റെ നിലപാടിനെതിരെ ഇന്ത്യ. ബുര്‍ഹാന്‍ വാനി കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിതിന്റെ വാര്‍ഷിക ദിനത്തില്‍ പാകിസ്താന് വാനിയെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം.
വാനിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പാകിസ്താന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഗോപാല്‍ ബാഗ്ലെ ട്വിറ്ററില്‍ വ്യക്തമാക്കി. വാനിയുടെ മരണ ശേഷം കശ്മീര്‍ താഴ്വരയില് സംഘര്‍ഷം ഉടലെടുത്തിരുന്നു. സിവിലിയന്മാര് അടക്കം ഒട്ടേറെ പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ ട്വീറ്റിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം രൂക്ഷ വിമര്‍ശനം. വാനിയുടെ രക്തസാക്ഷിത്വം ഇന്ത്യന്‍ പീഡനങ്ങളുടെ തെളിവാണെന്ന പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ വാക്കുകളാണ് സൈനിക വക്താവ് ട്വീറ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ശനിയാഴ്ച വാനിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. നിരാശരായവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് വാനിയുടെ പ്രവര്‍ത്തനങ്ങളെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഭീകരവാദത്തിന് സഹായവും പിന്തുണയും നല്കുന്ന പാകിസ്താന്റെ നടപടിക്കെതിരെ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും ഗോപാല്‍ ബാഗ്ലെ അഭ്യര്‍ഥിച്ചു. ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെ പ്രകീര്‍ത്തിക്കുന്ന പാക് നടപടി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പിന്തുണയാണ് വ്യക്തമാക്കുന്നതെന്നും ബാഗ്ലെ ചൂണ്ടിക്കാട്ടി. ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയില്‍ നടന്ന ജി 20 ഉച്ചകോടില്‍ ആവശ്യപ്പെട്ടിരുന്നു. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് അടക്കമുള്ളവയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ബുര്‍ഹാന്‍വാനിയെ പ്രകീര്ത്തിക്കാച്ച പാക് നീക്കത്തിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തീവ്രവാദത്തിനെതിരായി ഇന്ത്യയുടെ ഇടപെടല്‍ പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ജൂണ്‍ അവസാന വാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം ഹിസ്ബുള്‍ നേതാവ് സയീദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് യുഎന്‍ നിലപാടല്ലെന്നും ട്രംപ് ഭരണത്തിന്റെ അഭി്രപായം മാത്രമാണെന്നുമായിരുന്നു പാക് നിലപാട്. പത്താന്‍കോട്ട് ഭീകരാക്രമണവും ഉറി സൈനികാക്രമണവും ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.