റഫാല്‍ വിമാനങ്ങള്‍ സെപ്തംബറില്‍ എത്തില്ല; നിര്‍മല സീതാരാമന്റെ അവകാശവാദം പൊളിഞ്ഞു

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ അവകാശ വാദം പൊളിയുന്നു. റഫാല്‍ വിമാനം 2019 സെപ്തംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന നിര്‍മല സീതാരാമന്റെ വെല്ലുവിളിയാണ് തെറ്റുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആദ്യ വിമാനം അടുത്ത വര്‍ഷം മാത്രമാവും ഇന്ത്യയിലെത്തുക. റഫാല്‍ വിമാനങ്ങള്‍ പറത്താനുള്ള വൈമാനികരുടെ പരിശീലനം വൈകുന്നതാണ് കാരണം. അടുത്തവര്‍ഷം മാര്‍ച്ച്- എപ്രില്‍ മാസത്തോടെയാവും ആദ്യ റഫാല്‍ ഇന്ത്യയിലെത്തുക.

എന്നാല്‍, ഫ്രാന്‍സില്‍ നിന്നുള്ള ആദ്യത്തെ ഇരട്ട എഞ്ചിന്‍ പോര്‍വിമാനം സെപ്തംബര്‍ 19 ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐഎഎഫ്) കൈമാറിയിരുന്നു. ഫ്രാന്‍സിലെ നിര്‍മാതാക്കളായ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ആദ്യ റഫാല്‍ വ്യാഴാഴ്ച ലഭിച്ചുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ബാര്‍ഡോയിലെ വിമാന നിര്‍മാണ കേന്ദ്രത്തിലെത്തി ഐഎഎഫ് ഉദ്യോഗസ്ഥരുടെ ഒരു സംഘം റഫാല്‍ ജെറ്റ് സ്വീകരിച്ചതായാണ് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള 58,000 കോടി രൂപയുടെ റഫാല്‍ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനം ഇന്ത്യയിലേക്ക് എത്തിക്കാന്‍ ധൃതി വേണ്ടെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ തിരുമാനം.

അതേസമയം, ആദ്യ വിമാനം നാവിക സേനയുടെ ഭാഗമാക്കുന്ന ചടങ്ങ് ഫ്രാന്‍സില്‍ വെച്ച് നടക്കും. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒക്ടോബര്‍ 8 ന് ഫ്രാന്‍സില്‍ എത്തുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സിലെ മെറിഗ്‌നാക്കലുള്ള സൈനിക കേന്ദ്രത്തില്‍ വെച്ചാവും റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാക്കുന്ന ചടങ്ങ് നടക്കുക.

ഇതോടെ റഫാല്‍ ഇടപാടിനെച്ചൊല്ലി മുന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ലോക്‌സഭയില്‍ നടത്തിയ വാക്‌പോരാണ് വീണ്ടും ചര്‍ച്ചയാവുന്നത്. റഫാലിനെച്ചൊല്ലി രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വികാരാധീനയായാണ് നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കിയത്.

പ്രതിരോധ ഇടപാടും പ്രതിരോധത്തിലെ ഇടപാടും രണ്ടും രണ്ടാണെന്നാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. കോണ്‍ഗ്രസ് റഫാല്‍ ഇടപാടില്‍ ഒപ്പു വയ്ക്കാതിരുന്നത് കമ്മീഷന്‍ കിട്ടില്ലെന്ന് വ്യക്തമായപ്പോഴാണ്. അയല്‍രാജ്യങ്ങള്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ആയുധങ്ങളും വിമാനങ്ങളും വാങ്ങിക്കൂട്ടുമ്പോള്‍ യുപിഎ വെറും 18 ജെറ്റുകളാണ് ആവശ്യപ്പെട്ടത്. കരാര്‍ അന്തിമരൂപത്തിലാക്കാന്‍ ഏറെ വൈകുകയും ചെയ്‌തെന്നും കുറ്റപ്പെടുത്തി.
എന്നാല്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷം 14 മാസങ്ങള്‍ക്കുള്ളില്‍ കരാര്‍ അന്തിമരൂപത്തിലാക്കിയെന്ന് പറഞ്ഞ നിര്‍മല സീതാരാമന്‍, 2019 സെപ്തംബറില്‍ ആദ്യ വിമാനമെത്തുമെന്നും അവകാശപ്പെട്ടു. 2022 ആകുമ്പോഴേക്ക് 36 ജെറ്റ് വിമാനങ്ങളും ഇന്ത്യക്ക് ലഭിക്കും- നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ രാഹുല്‍ ഗാന്ധി, റഫാല്‍ ഇടപാടില്‍ താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മലാ സീതാരാമനോ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യം. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.