ന്യൂഡല്‍ഹി: ഒരു ദിവസം രാജ്യത്ത് 1334 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ മരണസംഖ്യ 500 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 മരണങ്ങള്‍ക്കൊപ്പം 507 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,231 പേര്‍ക്ക് രോഗംഭേദമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
അതേസമയം, ഡല്‍ഹിയില്‍ ശനിയാഴ്ച സ്ഥിരീകരിച്ച 186 കൊറോണ വൈറസ് ബാധയും രോഗലക്ഷണങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ കോവിഡ-19 വളരെ വേഗത്തിലാണ് പടരുന്നത് തങ്ങള്‍ക്ക് രോഗബാധയുള്ളതായി രോഗികള്‍ക്ക് അറിവുണ്ടാവുന്നില്ല. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കെജ്രിവാള് പറഞ്ഞു.
ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും കെജ്രിവാള് വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് തുടര്‍ന്നും കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും കെജ്രിവാള് പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.