ഐ.സി.സി ഏകദിന റാങ്കിങ്: ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്

 

ജോഹന്നാസ്ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് അത്യുന്നതങ്ങളില്‍… ടെസ്റ്റിന് പിറകെ ഏകദിനങ്ങളിലും ഐ.സി.സി റാങ്കിംഗില്‍ വിരാത് കോലിയുടെ ഇന്ത്യ ഒന്നാമതെത്തി. പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെയാണ് ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമത് വന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വരുന്നത്.

 

വിരാത് കോലിയുടെ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോവുമ്പോള്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. നാല് ഏകദിനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുുപിടിക്കുമെന്ന അവസ്ഥയിലായിരുന്നു പോര്‍ട്ട്എലിസബത്തില്‍ ടീം തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാളെ നടക്കുന്ന അവസാന ഏകദിനം ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കളിയില്ല. അവസാന മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് 123 റാങ്കിംഗ് പോയിന്റാവും. ദക്ഷിണാഫ്രിക്കക്ക് 117 ഉം. ദക്ഷിണാഫ്രിക്കയുടെ രണ്ടാം സ്ഥാനത്തിനും പെട്ടെന്ന് ഭീഷണിയുണ്ട്. ന്യൂസിലാന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് അഞ്ച് മല്‍സരങ്ങളും ജയിച്ചാല്‍ അവരായിരിക്കും രണ്ടാം സ്ഥാനക്കാര്‍. പുതിയ റാങ്കിംഗ് പ്രകാരം അഫ്ഗാനിസ്ഥാന്‍ പത്താം സ്ഥാനത്തേക്ക് വന്നു. ഇത് വരെ ആ സ്ഥാനത്തുണ്ടായിരുന്ന സിംബാബ്‌വെ പതിനൊന്നിലേക്ക് പോയി. എന്നാല്‍ പത്താം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വെക്കെതിരായ പരമ്പര സ്വന്തമാക്കണം.

ക്യാപ്റ്റന്‍ വിരാത് കോലിക്കും സംഘത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് സമീപകാലത്തായി ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. പക്ഷേ മൂന്ന് മല്‍സര പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും നഷ്ടമായതോടെ ടീം പിറകിലായി. പരാജയപ്പെട്ട രണ്ട് മല്‍സരങ്ങളിലും പക്ഷേ ടീമിന് വ്യക്തമായ വിജയസാധ്യതയുമുണ്ടായിരുന്നു. വാണ്ടറേഴ്‌സില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തോടെ തിരിച്ചെത്തി. പിറകെയായിരുന്നു ആറ് മല്‍സര ഏകദിന പരമ്പരയാരംഭിച്ചത്. ഇതില്‍ ആദ്യ മൂന്ന് മല്‍സരങ്ങളും തുടര്‍ച്ചയായി നേടി ടീമിന് പക്ഷേ നാലാം മല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വി പിണഞ്ഞു. എന്നാല്‍ പോര്‍ട്ട്എലിസബത്തിലെ അഞ്ചാം മല്‍സരത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തി.

എല്ലാ മല്‍സരങ്ങളിലും ഏകപക്ഷീയമായാണ് ഇന്ത്യ ജയിച്ചത്. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരുമെല്ലാം മികച്ച ഫോമില്‍ കളിക്കുമ്പോള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് വ്യക്തമായ സാധ്യതയും കൈവരുന്നുണ്ട്.