മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് ആഴ്ചകളായി അരലക്ഷത്തന് മീതെയാണ് ദിനേനയുള്ള കോവിഡ് സ്ഥിരീകരണം. കഴിഞ്ഞ കുറച്ചുദിവസമായി ഇത് അറുപതിനായിരത്തിനും മുകളിലാണ്. ആഗസ്ത് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധ 20 ലക്ഷം കടക്കുമെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്ത് 10നുള്ളില്‍ രാജ്യത്ത് കോവിഡ് 20 ലക്ഷം കടക്കുമെന്നായിരുന്നു പ്രധാനമന്ത്രി മോദിക്കുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. എന്നാല്‍ ആഗസ്ത് ആദ്യത്തില്‍തന്നെ ഇന്ത്യ ആനിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ആശങ്ക കടുക്കുകയാണ്. രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 21,53011 ആയി ഉയര്‍ന്നു. ഇതോടെ ആശങ്ക കടുക്കുകയാണ്.

എന്നാല്‍ ഇതില്‍ 6,28,747 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. രാജ്യത്തെ ആകെ കോവിഡ് മരണം 43,379 ആയി. 2.01 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക് എന്നത് മറ്റൊരു ആശ്വാസവുമാണ്. 14,80,885 പേര്‍ക്ക് രോഗം ഭേദമായിരിക്കുന്നത്. 68.78 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ കേന്ദ്ര മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം നാലായി. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനാണ് അവസാനമായി കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെയാണ് പ്രധാനമന്ത്രി മോദിയുടെ സന്തതസഹചാരി കൂടിയായ മന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ മതിയെന്ന അര്‍ജുന്‍ റാമിന്റെ വീഡിയോ വിവാദമായിരുന്നു. ഇന്നലെ കാര്‍ഷിക സഹമന്ത്രി കൈലേഷ് ചൗധരിയും കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ കൊവിഡ് ചികിത്സയിലാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് ബാധിച്ച് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ആഗസ്റ്റ് നാലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.