24 മണിക്കൂറിനിടെ 66,999 കോവിഡ്‌ രോഗികള്‍; മരണസംഖ്യയിൽ ഇന്ത്യ നാലാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 942 പേര്‍ക്കാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ മരണസംഖ്യയില്‍ ഇന്ത്യ ഇതോടെ ബ്രിട്ടനെ പിന്തള്ളി കൊവിഡ് മരണങ്ങളില്‍ നാലാമത് എത്തിയിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം യുകെയില്‍ 46,706 മരണങ്ങളാണ് ആകെയുള്ളത്. ഇന്ത്യയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ കോവിഡ് മരണസംഖ്യ 47,033 ആയി. കൊവിഡ് മരണങ്ങളില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത് അമേരിക്കയ്ക്കും ബ്രസീലിനും പുറമെ മെക്‌സിക്കോ മാത്രമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ആറാമതുള്ള രാജ്യമാണ് മരണസംഖ്യയില്‍ മൂന്നാമത് നില്‍ക്കുന്നത്. മെക്‌സിക്കോയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 498380 ആണ്. മരണസംഖ്യ 54,666 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യയാണ് നിലവില്‍ കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം. ഇന്ത്യയില്‍ ആഗസ്ത് 12 വരെയുള്ള കണക്കുകള്‍ പ്രകാരം 2,68,45,688 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 8,30,391 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായും ഐ.സി.എം.ആര്‍. കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയില്‍ ഇതുവരെ 5,48,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 3,14,520 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 254,146 പേര്‍ക്കും കോവിഡ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് വാക്‌സില്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ വരുന്നതിനിടിയിലും ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം 2.08 കോടി ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. വിവിധ രാജ്യങ്ങളിലായി നിലവില്‍ 752,372 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടിയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രോഗമുക്തി നിരക്ക് ഉയരുന്നു എന്നത് മാത്രമാണ് നിലവില്‍ ആശ്വാസമേകുന്ന കാര്യം. നിലവില്‍ ആഗോളതലത്തില്‍ 13,695,388 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. ചികിത്സയിലുള്ള 6,347,071 ആളുകളില്‍ 64,598 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.