ജാമിഅ, അലിഗഡ് പൊലീസ് നരനായാട്ട്; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ നഗറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രാജ്യത്ത് ്പ്രതിഷേധം കത്തുന്നു. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി അക്രമിക്കുകയും ലൈബ്രറി കാമ്പസിനകത്തെ നിസ്‌കാരമുറി ലേഡീസ് ഹോസ്റ്റല്‍ തുടങ്ങിയയിടങ്ങളില്‍ വരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

സര്‍വകലാശാലയില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ജെഎന്‍യു, ഐഐടി ബോംബെ, ബനാറസ് ഹിന്ദു സര്‍വകലാശാല തുടങ്ങി ഡല്‍ഹി മുതല്‍ കേരളത്തില്‍ വരെയുള്ള ഒട്ടുമിക്ക ക്യാമ്പസുകളിലും പ്രതിഷേധത്തിന്റെ അലയൊലികള്‍ കത്താതെ നില്‍ക്കുകയാണ്.

ജാമിയക്ക് പിന്നാലെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പൊലീസ് അതിക്രമം നടത്തി. ക്യാമ്പസില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനം 24 മണിക്കൂര്‍ റദ്ദാക്കി. ക്യാമ്പസ് അടച്ചിടുകയും ചെയ്തു. ഇന്നലെ പാതിരാത്രിയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വരുന്നുണ്ട്.

https://twitter.com/AutoRaja1212/status/1206414282277044224

ജാമിഅ മില്ലിയയിലെ പൊലീസ് നരനായാട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാൻ എന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. സർവകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

ഡല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയില്‍ കേരളത്തിലും പ്രതിഷേധം. എം.എസ്.എഫ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ദൂരദര്‍ശന്‍ കേന്ദ്രവും ഉപരോധിച്ചു. പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ട്രെയിന്‍ തടഞ്ഞു. മലബാര്‍ എക്‌സ്പ്രസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിറ്റ് നേരം തടഞ്ഞിട്ടത്. 

സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലും ഇന്ന്‌ കരിദിനം ആചരിക്കാന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചിട്ടുമുണ്ട്. സംസ്ഥാനത്തും പ്രതിഷേധം കനത്തു വരുന്നതിന്റെ സൂചനകളാണ് പലയിടത്തും രാത്ര ഉണ്ടായ പ്രതിഷേധങ്ങള്‍.

ഇന്നലെ രാത്രി കേരളത്തിൽ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പതിനൊന്ന് മണിയോടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് ബാരിക്കേഡുകൾ വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

നോര്‍ത്ത് ഈസ്റ്റ്, ഡല്‍ഹി, ബംഗളൂരു, മുംബൈ, കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങി രാജ്യത്താകെ ജനങ്ങള്‍ ഒറ്റക്കെട്ടായി ബിജെപി അജണ്ടക്കെതിരെ പ്രതിഷേധിക്കുകയാണ്. നിരവധി ക്യാമ്പസുകളില്‍ ഇന്ന് വിദ്യാര്‍ത്ഥികളും അധ്യപകന്മാരും പണിമുടക്കി. വിവാദ നിയമത്തിനെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തിന്റെ തീ കാറ്റ് പാറുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന ഭരണകൂടത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ, പോരാട്ടവീര്യത്തിന്റെ കഥയാണ് ചിത്രങ്ങള്‍ തുറന്നുകാട്ടുന്നത്.