ബര്‍മിങ്ങാമില്‍ പാകിസ്താനെ കടപുഴക്കി ഇന്ത്യ

ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്റെ ഇന്നിങ്‌സ് 164 റണ്‍സില്‍ അവസാനിച്ചു.

പലതവണ മഴ രസംകൊല്ലിയായ മത്സരത്തില്‍ രോഹിത് ശര്‍മ (91), ശിഖര്‍ ധവാന്‍ (68), വിരാട് കോഹ്‌ലി (81 നോട്ടൗട്ട്), യുവരാജ് സിങ് (53) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ആറ് പന്തില്‍ 20 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഒരു ഘട്ടത്തിലും ഇന്ത്യന്‍ ഇന്നിങ്‌സിനെ പ്രതിരോധത്തിലാക്കാന്‍ മികച്ച പേസര്‍മാരടങ്ങിയ പാകിസ്താന് കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ മുഹമ്മദ് ആമിറും വഹാബ് റിയാസും പരിക്കേറ്റു പിന്മാറിയത് അവരുടെ ബൗളിങിനെ ബാധിച്ചു.

324 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ വേഗത കുറഞ്ഞ സ്‌കോറിങാണ് തുടക്കം മുതല്‍ നടത്തിയത്. അസ്ഹര്‍ അലി (50) മാത്രമേ അവരുടെ നിരയില്‍ അര്‍ധശതകം കണ്ടുള്ളൂ. മുഹമ്മദ് ഹഫീസ് (33) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാന്‍ കഴിഞ്ഞില്ല. സ്‌കോറിങ് ഉയര്‍ത്തല്‍ ആവശ്യമായ ഘട്ടത്തില്‍ ആഞ്ഞടിച്ചു തുടങ്ങിയ ശുഐബ് മാലിക്കിനെ (9 പന്തില്‍ 15) ജഡേജ റണ്ണൗട്ടാക്കിയതോടെ പാക് പ്രതീക്ഷകള്‍ വെള്ളത്തിലായി.

ഉമേഷ് യാദവ് മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.