അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച്ച രാവിലെയും വെടിവയ്പ്പ് നടത്തിയിരുന്നു. കൂടാതെ പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയിരുന്നു.

സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് നിരീക്ഷണ പറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം, ഇന്ത്യയും അതീവ ജാഗ്രതയിലാണ്.