പ്രധാനമന്ത്രി പദം; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

പറ്റ്‌ന: പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി പദം സംബന്ധിച്ച് ധാരണയാകുന്നത് സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തില്ലെങ്കില്‍ പാര്‍ട്ടിക്ക് പ്രശ്‌നമൊന്നുമില്ല. ബി.ജെ.പി ഭരണകൂടത്തെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പറ്റ്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗുലാം നബി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് നാം. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാജ്യത്തുടനീളം സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ സാധിക്കും. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയാകില്ല-അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഭിന്നതയുടെയും വിദ്വേഷത്തിന്റെയും ആശയങ്ങള്‍ വിതച്ച് അധികാരത്തില്‍ വന്ന ബി.ജെ.പിയുടെ തനിനിറം രാജ്യത്തിന് വ്യക്തമായിരിക്കുന്നു. വ്യവസായികളുടെയും സമ്പന്നരുടെയും പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സമ്പന്നര്‍ക്ക് അനുകൂലമായ നയങ്ങള്‍ മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടര്‍ന്നത്-ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഹുല്‍ ഗാന്ധിയെയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. എംകെ സ്റ്റാലിന്‍, തേജസ്വി യാദവ്, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ നേതാക്കളും പ്രധാനമന്ത്രിയായി രാഹുലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.