ഇന്ത്യയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. ഡല്‍ഹി സ്വദേശിയായ ഒരു കര്‍ഷകനാണ് ഇന്ത്യയുടെ പേര് ഭാരതം എന്നോ ഹിന്ദുസ്ഥാന്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹര്‍ജി. മുന്‍പ് നിരവധി പട്ടണങ്ങളുടെ പേരുകള്‍ മാറ്റിയതു കൊണ്ട് തന്നെ ഇപ്പോള്‍ രാജ്യത്തിനു ശരിയായ പേര് നല്‍കുകയാണ് വേണ്ടത്. അത്തരം ഒരു പേരുമാറ്റം രാജ്യത്തെ പൗരന്മാര്‍ക്കും വരും തലമുറയ്ക്കും അഭിമാനകരമായ സംഗതി ആയിരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് സുപ്രിം കോടതി ഈ ഹര്‍ജി പരിഗണിക്കുക.