ഇന്ത്യ വേണ്ടത്ര കോവിഡ് ടെസ്റ്റ് നടത്തുന്നില്ല; ആകാശത്തേക്ക് ടോര്‍ച്ചടിച്ചാല്‍ പ്രശ്‌നപരിഹാരമാവില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് 19 നെതിരെ പോരാട്ടത്തില്‍ പ്രതിരോധ മാര്‍ഗമായ വൈറസ് ടെസ്റ്റ് ഇന്ത്യ വേണ്ടത്ര നടത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആളുകളെ കൈയ്യടിക്കുകയും ആകാശത്ത് ടോര്‍ച്ച് അടിക്കുകയോ ചെയ്യുന്നത്‌കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ കോവിഡ് 19 നിര്‍ണ്ണയം പാക്കിസ്ഥാനെക്കാള്‍ കുറവെന്ന് തുറന്നുകാട്ടുന്ന ഗ്രാഫ് പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി ട്വീറ്റ്.

അതേസമയം, കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് രാഹുലിന്റെ നിര്‍ദേശം. കുറഞ്ഞ പരിശോധന നടത്തുന്നത് കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രോഗം സംശയിക്കുന്നവരില്‍ മാത്രമല്ല, അല്ലാത്തവരിലും വ്യാപകമായി പരിശോധന നടത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

രോഗം എത്രയും നേരത്തെ നിര്‍ണയിക്കാന്‍ സാധിക്കുന്നുവോ അത്രയും അപകടം കുറയുമെന്നും രാഹുല്‍ പറഞ്ഞു. പരിശോധന ശക്തമാക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാഹുല്‍ പ്രത്യേക നിര്‍ദേശം നല്‍കി. നിരവധി വിദേശികള്‍ എത്തുന്ന അജ്‌മേര്‍ ജില്ലയില്‍ പരിശോധന കര്‍ക്കശമാക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു

SHARE