പാഠം11; ഇത് നമ്മുടെ രാജ്യമാണ്

പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍

നാം ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തെ നാം സ്‌നേഹിക്കണം. ഇന്ത്യയിലാര്‍ക്കും ഏത് മതവും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവിടെ എല്ലാമത വിശ്വാസികള്‍ക്കും തുല്യ പ്രാധാന്യവും സംരക്ഷണവും ഭരണഘടന ഉറപ്പുനല്‍കുന്നു. നമ്മുടെ ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണ്. നാം മതത്തിന്റെ പേരില്‍ കലഹിക്കാനോ അന്യമതസ്ഥരെ ദ്രോഹിക്കാനോ പാടില്ല. പരസ്പരം സ്‌നേഹവും മമതയും പുലര്‍ത്തണം. നാടിന്റെ ഐശ്വര്യവും പുരോഗതിയുമായിരിക്കണം നമ്മുടെ ലക്ഷ്യം. അറിവുംആരോഗ്യവും അതിനുവേണ്ടി ഉപയോഗപ്പെടുത്തണം.
മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ അംഗീകരിക്കരുത്. പരസ്പരം കരുണ ചെയ്യുകയാണ് വേണ്ടത്. മറ്റുള്ള മതസ്ഥരെ അക്രമിക്കാന്‍ പാടില്ല. ‘ഇതര മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിങ്ങള്‍ ചീത്ത പറയരുത്’ എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. നാടിന്റെ ഐശ്വര്യവും പുരോഗതിയും നമ്മുടെ ലക്ഷ്യമാണ്. ദേശസ്‌നേഹംസത്യവിശ്വാസിയുടെ സ്വഭാവത്തില്‍പെട്ടതാണ്. എല്ലാമതസ്ഥരും ഒരുപോലെ ശാന്തിയോടെയുംസമാധാനത്തോടെയും ജീവിക്കുന്ന ഒരു ഇന്ത്യയാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍സ്വപ്‌നം കണ്ടത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണം. അതിനായി പ്രവര്‍ത്തിക്കണം. അഞ്ചാം ക്ലാസ്സ് പാഠപുസ്തകത്തിലെ പതിനൊന്നാമത്തെ പാഠമാണിത്. പന്ത്രണ്ടാം വയസ്സില്‍ കുരുന്നു ബാല്യത്തെ സമസ്തയുടെ പാഠപുസ്തകത്തിലൂടെ പഠിപ്പിക്കുന്നതും പ്രാവര്‍ത്തികമാക്കിപ്പിക്കുന്നതും ഇത്തരം കാഴ്ചപ്പാടുകളെയാണ്. രാജ്യത്തിന്റെ നല്ല നാളേക്കായി രണാങ്കണത്തില്‍ അടരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന ഈ പാഠഭാഗത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമാണ് നമ്മുടെ ഇന്ത്യ. ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവുമാണ് നമ്മുടെ മുഖമുദ്ര. ബി.സി 15 ാം നൂറ്റാണ്ടില്‍ ഹാരപ്പയിലും മോഹന്‍ ജദാരോവിലും വളര്‍ന്നു പന്തലിച്ച ഒരുപറ്റം ജനതയുടെ വികസിത രൂപമാണിത്. അന്യദേശക്കാരായ ആര്യന്മാരടക്കമുള്ള വിഭിന്ന വിഭാഗങ്ങളെയും വ്യത്യസ്ത സംസ്‌കാരങ്ങളെയും ചിന്താഗതികളെയും സര്‍വ്വാത്മനാഉള്‍ക്കൊണ്ട് വര്‍ണ്ണാഭമായ മഴവില്ലു കണക്കെ ഭാരതാംബ എക്കാലത്തും തലയുയര്‍ത്തിനിന്നിട്ടുണ്ട്. പല നാട്ടു രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഒരു ദേശത്തേക്ക് എ.ഡിഎട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു ഖാസിം തുടക്കം കുറിച്ച മുസ്‌ലിം പടയോട്ടമാണ് രാജ്യത്തെ പല രീതിയിലും ഒന്നിപ്പിച്ചത്. രാജ്യത്തിന്റെ 90 ശതമാനം ഭാഗവും ഭരിച്ച ഖില്‍ജി, തുഗ്ലക്ക്, മുഗള്‍ എന്നിവയടങ്ങുന്ന വിവിധ മുസ്‌ലിം രാജവംശമാണ് ഭാരതത്തിനു ഒരു ഏകീകൃത രൂപമുണ്ടാക്കിയത്. അവര്‍മുസ്‌ലിംകളായിരുന്നുവെങ്കിലും ഇസ്‌ലാമിനെ അന്യ മതസ്ഥരില്‍ അടിച്ചേല്‍പിക്കാനോ നിര്‍ബന്ധമതപരിവര്‍ത്തനമോ നടത്തിയിരുന്നില്ല. പക്ഷേ, ഇസ്‌ലാമിന്റെ സമുന്നത ആശയങ്ങളില്‍ ആകൃഷ്ടരായി സമൂഹത്തിന്റെ താഴേക്കിടയില്‍പെട്ട അനവധി ഹൈന്ദവര്‍ ഈ മതം പുല്‍കുകയുണ്ടായി. അജ്മീര്‍ഖാജയും നിസാമുദ്ദീന്‍ ഔലിയയും ബക്തിയാര്‍കാഅ്കീ അടക്കമുള്ള നിരവധി ആത്മീയ ജ്യോതിര്‍ഗോളങ്ങളുടെ പ്രകാശമേറ്റ് ജനലക്ഷങ്ങള്‍ ദൈവിക മതത്തിലേക്ക് ഒഴുകിയെത്തി. അവരുടെ മക്കളില്‍ നിന്ന് കിടയറ്റ ഉലമാക്കളും ഉലമാക്കളും ഉയര്‍ന്നുവന്നു. മുസ്‌ലിംകള്‍ രാജ്യത്തിന്റെ നാലു ദിക്കുകളിലും വ്യാപിച്ചു. 19 ാം നൂറ്റാണ്ടില്‍ അവസാന മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷാ രണ്ടാമനെ ബ്രിട്ടീഷുകാര്‍ ബര്‍മ്മയിലെ റംഗൂണിലേക്ക് നാടുകടത്തുംവരെ ഏകദേശം പന്ത്രണ്ട് നൂറ്റാണ്ടോളമാണ് പൂര്‍ണ്ണമായും ഭാഗികമായും മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ മറപിടിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കോളനിയാക്കി ഭരണം കയ്യിലൊതുക്കി കൊള്ളയടിച്ചപ്പോള്‍ അതിനെതിരെ നാം ഒറ്റക്കെട്ടായി പോരാടുകയുണ്ടായി. ഗാന്ധിജിയും നെഹ്‌റുവുംമുന്നില്‍നിന്ന് നയിച്ചപ്പോള്‍ സകലംമറന്ന് അവര്‍ക്ക് കരുത്തുപകര്‍ന്നു. ആയിരക്കണക്കിന് രാജ്യസ്‌നേഹികള്‍ വെള്ളക്കാരന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞുമരിച്ചു. എണ്ണമറ്റ വിധവകളുടെയും അനാഥകളുടെയും ദീനരോദനങ്ങളെക്കൊണ്ട് ഓലമേഞ്ഞ വീടുകള്‍ വീര്‍പ്പുമുട്ടി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി സര്‍വ്വരും ദിനങ്ങള്‍ തള്ളിനീക്കി. പക്ഷേ ഒരാളും സമര പോരാട്ടങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ല. ഭാരതാംബയെ അക്രമികളുടെ കരാള ഹസ്തങ്ങളില്‍നിന്ന്‌മോചിപ്പിക്കുംവരെ അവര്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. ഒടുവില്‍ 1947 ആഗസ്ത് 15 ന് ജന്മനാട് സ്വതന്ത്ര വായു ശ്വസിച്ചു. 1950 ജനുവരി 26 ന് ലോകത്തെ ഏറ്റവും വലിയ ലിഘിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തു. പിന്നീടങ്ങോട്ട് നാം നമ്മെ ഭരിച്ചു. ബ്രിട്ടീഷുകാര്‍ ചവച്ചുതുപ്പിയ നാടിന്റെ അഭിവൃദ്ധിക്കായി പല സമുന്നത നേതാക്കളും കഠിനാധ്വാനം ചെയ്തു. അമ്പത് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഇന്ത്യ സാമ്പത്തികമായും പ്രതിരോധ ശേഷിയാലും ലോകത്തെ തലമുതിര്‍ന്ന രാജ്യങ്ങള്‍ക്കൊപ്പമെത്തി.

ഈ പൂന്തോപ്പിനെ സംരക്ഷിക്കല്‍ ഏതൊരു ഭാരതീയന്റെയും കടമയാണ്. വ്യത്യസ്ത വര്‍ണ്ണങ്ങളെ മായ്ച്ചുകളഞ്ഞ് സവര്‍ണ്ണ ഹിന്ദുത്വത്തിന്റെകാവി നിറംകൊണ്ട് മഴവില്ലു പണിയാന്‍ ശ്രമിക്കുന്ന വര്‍ത്തമാന ഫാഷിസത്തെ തച്ചുതകര്‍ക്കേണ്ടതുണ്ട്. പൗരത്വ നിയമഭേദഗതിയിലൂടെ ഒരു സമുദായത്തെ ഒറ്റപ്പെടുത്തി സവര്‍ണ്ണ ഹിന്ദുത്വ രാജ്യം പണിയുന്നത് രാജ്യത്തിന്റെ ആത്മാവിനെ നോവിക്കലാണ്. ഭരണഘടന 14, 15 അനുഛേദങ്ങള്‍ അനുശാസിക്കുന്ന സമത്വത്തെ നഗ്നമായി ലംഘിക്കുന്ന സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരെ രാജ്യമൊന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ സമസ്ത കേരള സുന്നി ബാലവേദിയും അതില്‍ പങ്കു ചേരുന്നു. സമസ്തയുടെ പതിനായിരത്തോളം മദ്രസകളിലായി പത്ത് ലക്ഷത്തിലധികം കുരുന്നു മക്കള്‍ ഉച്ചത്തില്‍ വായിക്കുകയാണ്, പാഠം 11, ഇത് നമ്മുടെ രാജ്യമാണ്.
(എസ്.കെ.എസ്.ബി.വി സ്റ്റേറ്റ് പ്രസിഡന്റാണ് ലേഖകന്‍)

SHARE