യഥാര്‍ത്ഥ ‘തുക്‌ടേ തുക്‌ടേ സംഘം’ ആരെന്ന് തെളിഞ്ഞെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: രാജ്യാന്തര ജനാധിപത്യ സൂചികയില്‍ ഇന്ത്യ പിന്നോട്ടു പോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചും ജനാധിപത്യ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കിയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമാണ് ഈ തിരിച്ചടി. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാറിനോ ബി.ജെ.പിക്കോ ഒഴിഞ്ഞുമാറാനാവില്ല.

രാജ്യത്തെ യഥാര്‍ത്ഥ തുക്‌ടേ തുക്‌ടേ സംഘം ആരെന്ന് ഇതിലൂടെ തെളിഞ്ഞെന്നും പി ചിദംബരം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ വിവിധ ക്യാമ്പുകൡ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ മുനയൊടുക്കാനാണ് തുക്‌ടേ തുക്‌ടേ പ്രയോഗവുമായി ബി.ജെ.പി രംഗത്തെത്തിയത്. തുക്‌ടേ തുക്‌ടേ സംഘങ്ങളാണ്(ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റുകളും ഭീകരവാദികളും) പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ബി.ജെ.പി ആക്ഷേപം.

ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്ത് സ്ഥാനം പിറകോട്ടു പോയതോടെയാണ് ഇതേ ആയുധം ചിദംരബരം ബി.ജെ.പിക്കെതിരെ എടുത്ത് പ്രയോഗിച്ചത്. ജനാധിപത്യത്തെ തകര്‍ക്കുന്ന തുക്‌ടേ തുക്‌ടേ സംഘങ്ങള്‍ ആരെന്ന് തെളിഞ്ഞെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ചിദംബരത്തിന്റെ പ്രതികരണം.
ജനാധിപത്യം എത്രത്തോളം കാര്യക്ഷമമായി നിലനില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി 165 രാജ്യങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പട്ടിക(2019) ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതില്‍ 51ാം സ്ഥാനത്താണ് ഇന്ത്യ. 2018ല്‍ 41ാം സ്ഥാനത്തായിരുന്നു ഇന്ത്യ.