ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി ഇടിയുമെന്നു ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതു നേപ്പാള്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടേതിനെക്കാള്‍ കുറവായിരിക്കുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലദേശ് 8.1 %, ഭൂട്ടാന്‍ 7.4 %, നേപ്പാള്‍ 6.5 % എന്നിങ്ങനെയാകും വളര്‍ച്ച. എന്നാല്‍ ഇവ മൂന്നും ചെറിയ സമ്പദ്‌വ്യവസ്ഥകളാണെന്നതു കണക്കിലെടുക്കണം. ഇന്ത്യക്ക് നേരത്തേ ലോകബാങ്ക് അനുമാനിച്ചിരുന്നത് 6.9 % വളര്‍ച്ചയാണ്.

ദക്ഷിണേഷ്യയിലാകെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് ഇന്ത്യയുടെ തളര്‍ച്ചയ്ക്കു മുഖ്യകാരണം. അവസാന പാദത്തില്‍ സ്വകാര്യ ഉപഭോഗത്തില്‍ 3.1% വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സമയം 7.3% ആയിരുന്നു. ഉല്‍പാദനമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയം 10% ആയിരുന്ന വളര്‍ച്ച ഈ വര്‍ഷം രണ്ടാംപാദത്തില്‍ ഒരു ശതമാനത്തിനും താഴേക്കു പോയി. വ്യവസായ ഉല്‍പാദനത്തിലെയും ഇറക്കുമതിയിലെയും ഇടിവും വിപണിയിലെ അസ്വസ്ഥതകളും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നു റിപ്പോര്‍ട്ട് പുറത്തിറക്കിയ ലോക ബാങ്ക് വൈസ് പ്രസിഡന്റ് (സൗത്ത് ഏഷ്യ) ഹാര്‍വിഗ് ഷാഫര്‍ പറഞ്ഞു.

ഇന്ത്യയില്‍ എല്ലാ മേഖലകളിലെയും വിപണികളില്‍ മാന്ദ്യം പ്രകടമാണ്. കൃത്യമായ നടപടികളുണ്ടായാല്‍ പടിപടിയായ ഉയര്‍ച്ച സാധ്യമാണ്.യുഎസ് – ചൈന വ്യാപാരത്തര്‍ക്കം മുതലെടുത്തതാണു ബംഗ്ലദേശിന്റെ വളര്‍ച്ചക്ക് അടിസ്ഥാനം. ബംഗ്ലദേശിലെ തുണി വ്യവസായ മേഖല ഈ തര്‍ക്കത്തില്‍ നിന്ന് ഏറെ നേട്ടമുണ്ടാക്കി.

ടൂറിസം മേഖലയിലെ കുതിപ്പു മൂലമുണ്ടായ നിര്‍മാണങ്ങളും ജനങ്ങളുടെ വിനിയോഗ ശേഷിയിലെ വര്‍ധനയുമാണു നേപ്പാളിനെ 6.5% വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചത്. ഭൂട്ടാനില്‍ ടൂറിസം വളര്‍ച്ചയും ആഭ്യന്തര ഉപഭോഗത്തിലെ വര്‍ധനയുമാണു വളര്‍ച്ചയ്ക്കു കാരണം. മാലദ്വീപില്‍ 5.2%, പാക്കിസ്ഥാനില്‍ 2.4%, ശ്രീലങ്കയില്‍ 2.7% എന്നിങ്ങനെയാണു പ്രതീക്ഷിക്കുന്ന വളര്‍ച്ചനിരക്ക്.

SHARE