കോവിഡിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍

ജനീവ: ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയെക്കുറിച്ചും ഇതിനെതിരെ ലോകാരോഗ്യ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അംസബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ പ്രമേയത്തിലാണ് ആവശ്യം.

കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണ്.’ – പ്രമേയത്തില്‍ പറയുന്നു. ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തില്‍ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമര്‍ശമില്ല. ജപ്പാന്‍, യുകെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങള്‍.

SHARE