കോവിഡ് ടെസ്റ്റില്‍ ഇന്ത്യ നൈജറിനും താഴെ; സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന കോവിഡ് -19 ടെസ്റ്റുകള്‍ വളരെ കുറവായതില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തിയെന്നും ഇത് രാജ്യത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് കുറവ് വരുത്തിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നിലവില്‍ കിറ്റുകള്‍ ഓരോ 10 ലക്ഷം രാജ്യക്കാര്‍ക്കും 149 ടെസ്റ്റുകള്‍ മാത്രമേ ലഭ്യമാക്കുകയുള്ളൂ. ഇത് ഇന്ത്യയെ ആഫ്രിക്കന്‍ രാജ്യമായ നൈജര്‍ (182), അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ (162), ഏഷ്യന്‍ രാജ്യമായ ലാവോസ് (157), എന്നിവര്‍ക്കൊപ്പമാക്കിയെന്നും രാഹുല്‍ സൂചിപ്പിച്ചു.

ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നുള്ളിലേ എത്തുവെന്ന കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ ട്വീറ്റ്.

‘ടെസ്റ്റ് കിറ്റ് വാങ്ങല്‍ വൈകി. ഒരു ദശലക്ഷം ഇന്ത്യക്കാര്‍ക്ക് വെറും 149 ടെസ്റ്റുകള്‍ നടത്തിയ നമ്മള്‍ ഇപ്പോള്‍ ലാവോസ് (157), നൈജര്‍ (182), ഹോണ്ടുറാസ് (162) എന്നിവര്‍ക്കൊപ്പമാണ്. കോവിഡ് 19 രോഗം തിരിച്ചറിയാനും അതിനെ ഒറ്റപ്പെടുത്താനുമുള്ള ചികിത്സ പോരാട്ടത്തില്‍ വിലിയ തോതിലുള്ള പരിശോധനകള്‍ പ്രധാനമാണ്. നിലവില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കയാണെന്നും ‘രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്.

മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി വൈറസ്‌വ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. രക്തതിലെ ആന്റിബോഡിയാണ് റാപ്പിഡ് ടെസ്റ്റിലൂടെ തിരിച്ചറിയുന്നത്.
അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട് റാപ്പിഡ് ടെസ്റ്റിന്. കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളില്‍ മാത്രമല്ല, താരതമ്യേന വൈറസ് ഇല്ലാത്ത പ്രദേശങ്ങളിലും വ്യാപകവും വേഗത്തിലുമുള്ള പരിശോധനയിലൂടെ കൊറോണയെ തിരിച്ചറിയാനുള്ള തന്ത്രം എന്ന നിലയിലാണ് റാപ്പിഡ് ടെസ്റ്റ് കണക്കാക്കുന്നത്.

അതേസമയം, ഫെബ്രുവരി മുതല്‍ തന്നെ രാജ്യത്തിന് കോവിഡ് മുന്നറിയിപ്പുകള്‍ നല്‍കിയ രാഹുല്‍ ഗാന്ധി, സാധാരണക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും വൈറസ് ടെസ്റ്റുകളെ സംബന്ധിച്ചും നിരവധി തവണ മോദി സര്‍ക്കാറിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്.