ലഡാക്ക്: ചൈനയുടെ കണ്ണുരുട്ടല്‍ വകവയ്ക്കാതെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ലഡാകിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൂപ്പര്‍ ഹെര്‍കുലീസ് വിമാനമായ സി-130ജെ ഇറക്കി ഇന്ത്യ. ലോകത്തെ ഏറ്റവും ഉയരം കൂടിയ വ്യോമതാളമാണിത്. അതിര്‍ത്തിയില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ശക്തിപ്രകടനം.
കൂടുതല്‍ സൈനികര്‍, ആയുധങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ നീക്കം. പ്രദേശത്ത് തമ്പടിച്ച സൈനികരുടെ ആത്മവീര്യം കൂട്ടാനുള്ള നടപടി കൂടിയാണിത്.
‘ സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് ഡി.ബി.ഒയില്‍ ലാന്‍ഡ് ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ വ്യോമമുനമ്പില് ഇന്ന് രാവിലെ 6.54നായിരുന്നു ലാന്‍ഡിങ്. കമാന്‍ഡിങ് ഓഫീസര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ തേജ്ബിര് സിങ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് അക്സായി ചിന്നിലെ 16614 അടി ഉയരത്തിലുള്ള വ്യോമമുനമ്പലെത്തിയത്’ – വ്യോമ സേന പ്രസ്താവനയില്‍ വ്യക്തമാക്കി.
1965ല്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഈ വ്യോമതാവളം പിന്നീട് ഉപേക്ഷിച്ചിരുന്നു. 2008ലാണ് വ്യോമ സേന ഇത് പുതുക്കിപ്പണിതത്.

സൈന്യത്തില്‍ സബ് സെക്ടര്‍ നോര്‍ത്ത് എന്നാണ് ഡി.ബി.ഒ അറിയപ്പെടുന്നത്. മേഖലയിലെ സൈനിക വിന്യാസത്തിനും സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും ഈ ലാന്‍ഡിങ് ഗ്രൗണ്ട് ഏറെ തന്ത്രപ്രധാനമാണ്. ഇതിലേക്കുള്ള 255 കിലോമീറ്റര്‍ വരുന്ന ദര്‍ബുല്‍-ഷയോക്-ഡി.ബി.ഒ റോഡ് നിര്‍മാണമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്.
നിയന്ത്രണ രേഖയോട് തൊട്ടടുത്തു കൂടെ സമാന്തരമായാണ് ഈ റോഡ് പോകുന്നത്. റോഡ് കാരക്കോറം ഹൈവേ വരെയുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലേയില്‍ നിന്ന് ഡി.ബി.ഒയിലേക്കുള്ള യാത്രാ ദൈര്‍ഘ്യം രണ്ടു ദിവസത്തില്‍ നിന്ന് വെറും ആറു മണിക്കൂറായി ചുരുങ്ങും. റോഡിന്റെയും പാലത്തിന്റെയും നിര്‍മാണം ഈയിടെ സൈന്യം വേഗത്തിലാക്കിയിരുന്നു.