കോവിഡ്: ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ല; ഏതു സമയത്തും അതുണ്ടാകാം- മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ‘പൊട്ടിത്തെറിച്ചിട്ടില്ലെന്നും’ എന്നാല്‍ ഏതു സമയത്തും അതുണ്ടാകാമെന്നും സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സി. ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

‘മഹാമാരിയുടെ സഞ്ചാരം ക്രമാനുഗതമായി കുറയുന്ന തരത്തിലല്ല. കൂടുതല്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഭിന്നമായിരിക്കും. ഗ്രാമ-നഗര മേഖലകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. ദക്ഷിണേന്ത്യയില്‍ ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താന്‍, ജനസാന്ദ്രതയേറിയ മറ്റു രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒന്നും കോവിഡ് പൊട്ടിത്തെറിച്ചിട്ടില്ല. എന്നാല്‍ അതിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു’ – ജനീവയിലെ വാര്‍ത്താ സമ്മേളനത്തില്‍ റയാന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കോവിഡ് വൈറസ് വ്യാപനം തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളില്‍ ജനം സ്വതന്ത്രമായി ഈ വേളയില്‍ സഞ്ചരിക്കുന്നത് അസുഖം വര്‍ദ്ധിക്കാനുള്ള സാഹചര്യമൊരുക്കും- അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അതിനിടെ, ഇറ്റലിയെ പിന്തള്ളി ലോകത്ത് കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ ആറാമതെത്തി. ഇതുവരെ 236,657 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റദിവസം 294 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 235,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

SHARE