ഇന്ത്യയില്‍ കോവിഡ് വ്യാപനകത്തിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വന്നത് ചൈനയില്‍നിന്നല്ല പകരം യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്നാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് ഇവിടങ്ങളില്‍ നിന്നായതാണ് കാരണം.
ഐ.ഐ.എസ്.സിയിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേല്‍ സോമസുന്ദരം, മയ്‌നക് മൊണ്ടാല്‍, അന്‍കിത, ലവാര്‍ഡെ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയില്‍ വൈറസ് എത്തിയത് എവിടെനിന്നെന്നു പഠിച്ചത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കറന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. പരിശോധന നടത്തിയ 137 സാര്‍സ് കോവ് 2 വൈറസുകളില്‍ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.
‘ക്ലസ്റ്റര്‍ എ വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യന്‍ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റര്‍ ബിയില്‍ യൂറോപ്യന്‍ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ചിലത് മധ്യപൂര്‍വേഷ്യന്‍ സാംപിളുകളോടും സാമ്യം കാണിക്കുന്നു. ഇതോടെയാണ് ഇന്ത്യയില്‍ പടര്‍ന്നുപിടിച്ച സാര്‍സ് കോവ് 2 വൈറസ് എത്തിയത് യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ദക്ഷിണേഷ്യ, ഓഷ്യാന മേഖലയില്‍നിന്നാണെന്ന അനുമാനത്തിലെത്തിയത്.