ഇന്ത്യയില്‍ ഒറ്റ ദിവസം രോഗബാധിതരായത് 48,661 പേർ; ആകെ കേസുകള്‍ 13,85,522

ന്യൂഡൽഹി: ഒറ്റദിവസത്തിനിടെ 48,661 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 13,85,522 ആയി. 4.67 ലക്ഷം പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 8.85 ലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഒറ്റ ദിവസത്തിനിടെ 705 ആളുകള്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,063 ആയി.

കോവിഡ് പ്രതിസന്ധിയില്‍ പലതരത്തിലുള്ള ലോക്കഡൗണിലൂടെയാണ് രാജ്യത്തെ പകുതിയിലധികം ജനസംഖ്യയും കടന്നു പോകുന്നത്. ബീഹാര്‍, സിക്കിം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്.

എല്ലാ ആഴ്ചയും രണ്ട് ദിവസത്തെ ലോക്കഡൗണാണ് പശ്ചിമബംഗാളില്‍ നിലവിലുള്ളത്. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആഴ്ചാവസനമാണ് ലോക്ക്ഡൗണിലാകുന്നത്.

രാജ്യത്ത് പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷം കടന്ന് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്ത് 13 ലക്ഷം എന്ന നമ്പറിലേക്ക് രാജ്യമെത്തിയത്. ലോകത്ത് കോവിഡ് രൂക്ഷമായ അമേരിക്കയിലേയും ബ്രസീലിലേയും പോലെ പ്രതിദിനം ആയിരത്തോളം മരണങ്ങളാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ലോകത്ത് 1,62, 03,480 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുകയാണ്.