ചൈനയെ എതിര്‍ത്ത് ഇന്ത്യ; ഗല്‍വാന്‍ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി സൈന്യം

ലഡാക്ക്: ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഗല്‍വാന്‍ താഴ്‌വരയിലെ നദിക്ക് കുറുകെ പാലം പണി പൂര്‍ത്തിയാക്കി ഇന്ത്യ. ഗല്‍വാന്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി സൈന്യമാണ് പൂര്‍ത്തിയാക്കിയത്. ചൈനയുടെ ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഇന്ത്യ പാലം നിര്‍മിച്ചത്. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷവും നിര്‍മാണം തടയാന്‍ ചൈനക്ക് സാധിച്ചില്ല.

അതിനിടെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ലഡാക്കിലെത്തി. ശ്രീനഗറിലെ ബേസ് ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച അദ്ദേഹം മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ലേയിലേയും ശ്രീനഗറിലെയും ബേസ് ക്യാമ്പുകളിലാണ് ബദൗരിയ എത്തിയത്.

വ്യോമസേന പോര്‍ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായും വിവരമുണ്ട്. പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൈനീസ് സൈന്യം കമ്പി വടികളും കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കവചങ്ങളോടെ സൈന്യത്തെ വിന്യസിച്ചത്.

SHARE