ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ ചൈന കൊലപ്പെടുത്തിയത് ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്ന് റിപ്പോര്‍ട്ട്. ധീര ജവാന്മാര്ക്ക് നേരെ പ്രാകൃതവും അതിക്രൂരവുമായ ആക്രമണമാണ് ചൈന നടത്തിയത്. വീരമൃത്യു വരിച്ച 20 പേരില്‍ 17 പേര്‍ക്ക് മുഖത്തുള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആണിതറച്ച ഇരുമ്പു ദണ്ഡും ബേസ്ബോള്‍ ബാറ്റും കൊണ്ടുള്ള ആക്രമണത്തിലാണിത്. ചിലരുടെ കഴുത്തില്‍ കത്തി കൊണ്ടുള്ള മുറിവുണ്ട്.
മൂന്ന് പേരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയില്‍ വികൃതമാക്കി. വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്റെയും മറ്റു രണ്ടു പേരുടെയും മുഖത്ത് പരുക്കുകളില്ല. ഇവരുടെ തലയ്ക്കു പിന്നില്‍ ഭാരമേറിയ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റതിന്റെ ക്ഷതമുണ്ട്.
സന്തോഷിന്റെയുള്‍പ്പെടെ 16 പേരുടെ മൃതദേഹം ഗല്‍വാന്‍ നദിയില്‍ നിന്നാണു ലഭിച്ചത്. ആക്രമിച്ച ശേഷം ഇവരെ നദിയിലേക്കു തള്ളിയിട്ടെന്നാണ് സൂചന. ഇരുപതില്‍ 12 പേരുടെയും മരണം സംഭവിച്ചത് നദിയില്‍ വീണ് കൊടും തണുപ്പേറ്റാണ്.