തിരിച്ചടിക്ക് തയ്യാറാകാന്‍ സൈന്യത്തിന് നിര്‍ദേശം; സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനത്തിന് തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. കര, വ്യോമ, നാവിക സേനാ മേധാവികളും, സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു. ചൈനീസ് ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.

അതിര്‍ത്തിയില്‍ കര, വ്യോമ നാവിക നിരീക്ഷണം ശക്തമാക്കും. മേഖലയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും യോഗം നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ നടപടി സ്വീകരിക്കും. പ്രത്യേകിച്ച് തന്ത്രപ്രധാനമായ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക സമീപനം സ്വീകരിക്കും. അതിര്‍ത്തി സംരക്ഷണത്തിന് തന്ത്രപരമായ മാര്‍ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു.

അടുത്തിടെ ഏകപക്ഷീയമായ ചൈനീസ് കടന്നു കയറ്റത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനീസ് പ്രകോപനത്തിന് ചുട്ടമറുപടി നല്‍കണമെന്ന കാര്യത്തില്‍ യോഗം ധാരണയിലെത്തി. ഇതിന് സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനും യോഗം തീരുമാനിച്ചു. ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് രാജ്‌നാഥ് സിങ് യോഗം വിളിച്ചത്.

SHARE