ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതക്ക് തയ്യാറെന്ന് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടന്‍ന്മ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ വാക്കുകള്‍ക്ക് ഇന്ത്യ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. നേരത്തെയും ഇന്ത്യ – പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് ഇന്ത്യ മറുപടി പറഞ്ഞിരുന്നു.

ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ഈമാസം ആദ്യം സൈനികര്‍ തമ്മില്‍ മുഖാമുഖമെത്തി സംഘര്‍ഷമുണ്ടായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. മേയ് 9നും സമാനമായ പ്രശ്‌നമുണ്ടായിരുന്നു. ടിബറ്റിനു സമീപമുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാനായിരുന്നു ചൈനീസ് നീക്കം. ഒട്ടേറെ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.

SHARE