ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

ന്യൂഡല്‍ഹി: ചെനയുമായുള്ള പ്രശ്‌നപരിഹാരത്തിന് ഇന്ന് ചര്‍ച്ച നടക്കും. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. അതേസമയം സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. ചൈനയുമായുളള ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ അമേരിക്ക അനുശോചിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

അതേസമയം തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ വെടിവെയ്പ് ഉണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ ആവര്‍ത്തിച്ചു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. ചൈനീസ് അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ദില്ലിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയര്‍ന്നതായുളള റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.

SHARE