ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റി ഇന്ത്യ; ചരിത്രത്തിലാദ്യമായി ഇസ്രാഈലിന് അനുകൂലമായി വോട്ടു ചെയ്തു

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തത്. ഇസ്രാഈൽ – ഫലസ്തീൻ പ്രശ്‌നപരിഹാരത്തിന് ഇരു സ്വതന്ത്ര രാഷ്ട്രങ്ങൾ എന്ന പരിഹാരം മാത്രമേയുള്ളൂ എന്ന് ഇത്രകാലം നിലപാടെടുത്തിരുന്ന ഇന്ത്യ ഇതാദ്യമായാണ് സയണിസ്റ്റ് രാജ്യത്തിന് അനുകൂലമായ യു.എന്നിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.

ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ യു.എസ്, ഫ്രാൻസ്, ജർമനി, ഇന്ത്യ, ജപ്പാൻ, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രാഈലിന് അനുകൂലമായി വോട്ടുചെയ്തു. ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായും നിലപാടെടുത്തു. ഷാഹിദിന് നിരീക്ഷക പദവി നൽകുന്നതിനുള്ള പ്രമേയം 24-14 ന് പരാജയപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ നിലപാടിന് ഇന്ത്യയിലെ ഇസ്രാഈൽ എംബസി ഉന്നത ഉദ്യോഗസ്ഥ മായ കൊദോഷ് നന്ദി രേഖപ്പെടുത്തി. ഷാഹിദ് ഭീകരസംഘടനയാണെന്നും ഇത്തരം ഭീകര സംഘങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രാഈലും ഒന്നിച്ചു പോരാടുമെന്നും മായ ട്വിറ്ററിൽ കുറിച്ചു.

ഇസ്രാഈലിന്റെ സൈനിക അധിനിവേശവും കടുത്ത ഉപരോധവും നേരിടുന്ന ഫലസ്തീനികൾക്കു വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഷാഹിദ്. ഫലസ്തീനികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ദുരിതങ്ങൾ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, ഷാഹിദ് ഭീകരസംഘടനയാണെന്നാണ് ഇസ്രാഈൽ ആരോപിക്കുന്നത്.