ഇന്ത്യ-ചൈന സംഘര്‍ഷം; സൈന്യത്തിന് 500 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി


ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്രം. 500 കോടിക്കുള്ളില്‍ വരുന്ന ആയുധ സമാഗ്രികള്‍ വാങ്ങാനാണ് അനുമതി.

കര, വ്യോമ, നാവിക സേനകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് കീഴില്‍ പ്രതിരോധ സേനയ്ക്ക് സൈനിക വകുപ്പുമായി കൂടിയാലോചിച്ച് യുദ്ധ സന്നാഹത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നതോ കുറവുള്ളതോ ആയ ആയുധങ്ങള്‍ വാങ്ങാം. മൂന്ന് സേനകളും ഇതിനകം തന്നെ ആവശ്യമായ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെ സൈനിക മേധാവിമാരുമായി നടത്തിയ അവലോകനയോഗത്തിന് ശേഷം ചൈനയുമായുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സായുധ സേനയ്ക്ക് ഏതെങ്കിലും ചൈനീസ് പ്രകോപനങ്ങള്‍ക്ക് പ്രതികരണം നല്‍കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

യോഗത്തില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം.എം നരവാനെ, നേവി ചീഫ് കരംബിര്‍ സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ദഭൗരിയ എന്നിവര്‍ പങ്കെടുത്തു.

SHARE