റാഞ്ചിയില്‍ ന്യൂസിലാന്‍ഡിന് ജയം: പരമ്പരയില്‍ ഒപ്പമെത്തി

റാഞ്ചി: നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 19 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ തോല്‍പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(2-2). പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ഏകദിനം ശനിയാഴ്ച വിശാഖപ്പട്ടത്ത് നടക്കും. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ 241ന് പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ടീം സൗത്തി മൂന്നും ട്രെന്‍ഡ് ബൗള്‍ട്ട്, ജയിംസ് നീഷം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അജിങ്ക്യ രഹാനെ(57) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് പ്രതീക്ഷ നല്‍കിയ അക്‌സര്‍ പട്ടേല്‍(38) റണ്‍സെടുത്തു.

പതിവ് പോലെ രോഹിത് പുറത്ത്; 
ചേസിങ്ങിനിറങ്ങിയ ഇന്ത്യക്ക് പതിവ് പോലെ രോഹിത് ശര്‍മ്മയെ(11) നേരത്തെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രഹാനെയും കോഹ്‌ലിയും ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ മിന്നും ഫോമിലുള്ള കോഹ്‌ലിയെ ഇഷ് സോദി പുറത്താക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. 45 റണ്‍സെടുത്ത കോഹ്‌ലി വിക്കറ്റ് കിപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.തുടര്‍ന്ന് രഹാന അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ജയിം നീഷമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 70 പന്തില്‍ ഒരു സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും ബലത്തിലായിരുന്നു രഹാനയുടെ ഇന്നിങ്‌സ്. ഒരോവറിന്റെ ഇടവേളയില്‍ ക്യാപ്റ്റന്‍ ധോണിയുടെ(11) സ്റ്റമ്പ് തെറിപ്പിച്ച് നീഷം നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരെ തൊട്ടടുത്ത പന്തുകളില്‍ സൗത്തി മടക്കി. ലാതമിന്റെ മികച്ച ക്യാച്ചിലൂടെയാണ് പാണ്ഡെ മടങ്ങിയത്. വമ്പനടിക്കാരന്‍ ഹര്‍ദ്ദിക്ക് പാണ്ഡെ(9)യെയും ലാതം പിടികൂടി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ അമിത് മിശ്രയും അക്‌സര്‍ പട്ടേലും പ്രതീക്ഷ നല്‍കിയെങ്കിലും മിശ്ര(14) അബദ്ധത്തില്‍ റണ്‍ഔട്ടാവുകയായിരുന്നു. അക്‌സര്‍ പട്ടേലിനെ ബൗള്‍ട്ട് മടക്കിയതോടെ ഇന്ത്യ പരാജയം അറിഞ്ഞു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സെടുത്തത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍(72) കെയിന്‍ വില്യംസണ്‍(41) റോസ് ടെയ്ലര്‍(35) എന്നിവരുടെ മികവിലാണ് ന്യൂസിലാന്‍ഡ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഗപ്റ്റിലും ലാതമും ചേര്‍ന്ന് മികച്ച തുടക്കമാണ് കിവികള്‍ക്ക് നല്‍കിയത്. 15ാം ഓവറില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെയാണ് അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. എന്നാല്‍ മധ്യഓവറുകളില്‍ ഇന്നിങ്സിന്റെ വേഗത നഷ്ടമാവുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തി.


also read: മാജിക്കല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി!


SHARE